ലെയോ പാപ്പയുടെ സ്പെയിൻ പര്യടനത്തിന് ആവേശകരമായ തുടക്കം. ചരിത്രപ്രസിദ്ധമായ മഡ്രിഡ് നഗരത്തിൽ 5 ലക്ഷത്തിലധികം യുവജനങ്ങളെ സാക്ഷിനിർത്തിയാണ് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ ആറുദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിന് തുടക്കം കുറിച്ചത്. സ്നേഹത്തിലൂടെ ലോകചരിത്രത്തെ തിരുത്തിക്കുറിക്കാൻ യുവതലമുറ തയ്യാറാകണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. സമൂഹത്തിൽ വളർന്നുവരുന്ന വിഭജനത്തിന്റെയും ചേരിതിരിവിന്റെയും രാഷ്ട്രീയത്തെ തള്ളിക്കളയണമെന്നും സന്ദർശനത്തിന്റെ ആദ്യദിനത്തിൽ പാപ്പ ഓർമ്മിപ്പിച്ചു
ചരിത്ര പ്രാധാന്യമേറിയ പാപ്പയുടെ സ്പെയിൻ സന്ദർശനത്തിന് വർണ്ണാഭമായ തുടക്കം. വൻ ജനസാഗരത്തെ സാക്ഷിനിർത്തിയായിരുന്നു.ലെയോ പാപ്പയുടെ സ്പെയിൻ പര്യടനത്തിന്റെ ആദ്യദിനം പുരോഗമിച്ചത്.മഡ്രിഡ് വിമാനത്താവളത്തിൽ എത്തിയ ആഗോള കത്തോലിക്കാ സഭയുടെ തലവനെ കാണാൻ നഗരവീഥികളിൽ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. തുടർന്ന് മഡ്രിഡ് റോയൽ പാലസിൽ ഫിലിപ്പ് ആറാമൻ രാജാവ്, ലെറ്റീഷ്യ രാജ്ഞി എന്നിവർ ചേർന്ന് മാർപാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം നൽകി. സ്പെയിനിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള കത്തോലിക്കാ പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും കുറിച്ച് തങ്ങളുടെ പ്രസംഗങ്ങളിൽ പ്രേത്യേകം പരാമർശിച്ചു
സമൂഹത്തിലെ ചേരിതിരിവുകളെയും വിഭജനങ്ങളെയും ദൂരീകരിക്കാൻ ലോകം തയ്യാറാകണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു. നീതിക്കും സമാധാനത്തിനും വേണ്ടി നിലകൊള്ളുന്ന മനുഷ്യർക്ക് മാത്രമേ ഇത്തരം വിഭജനങ്ങളെ മറികടക്കാൻ സാധിക്കൂ. തുടർന്ന് മഡ്രിഡ് രൂപതയുടെ കാരിത്താസ് സോഷ്യൽ പ്രോജക്റ്റായ 'സെഡിയ 24 ഹവേഴ്സ്' എന്ന അഭയകേന്ദ്രവും മാർപാപ്പ സന്ദർശിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, ദാനധർമ്മങ്ങൾ കേവലം ജീവകാരുണ്യ പ്രവർത്തനങ്ങൾ മാത്രമല്ലെന്നും, അത് വ്യക്തികൾ തമ്മിലുള്ള ഹൃദയബന്ധമായി മാറണമെന്നും ഓർമ്മിപ്പിച്ചു.
പര്യടനത്തിന്റെ ആദ്യദിനത്തിന് സമാപനം കുറിച്ചുകൊണ്ട് പ്ലാസ ഡി ലിമയിൽ നടന്ന വചനശുശ്രൂഷയിലാണ് ലോകശ്രദ്ധയാകർഷിച്ച പ്രസ്താവനകൾ മാർപാപ്പ നടത്തിയത്. യുവജനങ്ങൾക്കായി ഒരുക്കിയ ദിവ്യകാരുണ്യ ആരാധനയിൽ അഞ്ചുലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. സമകാലിക ലോകത്ത് യുവാക്കൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാർപാപ്പ മറുപടി നൽകി. പൗരോഹിത്യത്തിലേക്കും സന്യസ്ത ജീവിതത്തിലേക്കും കടന്നുവരാൻ യുവാക്കൾ ഭയപ്പെടരുതെന്ന് വിശുദ്ധ ജോൺ ക്രിസോസ്റ്റമിന്റെ വാക്കുകളെ ഉദ്ധരിച്ച് മാർപാപ്പ ആഹ്വാനം ചെയ്തു.
ലോകത്ത് പ്രത്യയശാസ്ത്രങ്ങൾ മാറിമറിയുമെന്നും എന്നാൽ സത്യം എക്കാലവും നിലനിൽക്കുമെന്നും വ്യക്തമാക്കിയ മാർപാപ്പ, ദൈവത്തിന്റെ ശബ്ദം തിരിച്ചറിയാൻ ജീവിതത്തിൽ നിശ്ശബ്ദത കണ്ടെത്തണമെന്ന് യുവതലമുറയെ ഓർമ്മിപ്പിച്ചു. അക്രമങ്ങളും യുദ്ധങ്ങളും വിദ്വേഷവും നിറഞ്ഞ ഈ ആധുനിക ലോകത്ത് പുതിയൊരു മാനവികതയുടെ വെളിച്ചങ്ങളകാൻ യുവജനങ്ങൾക്ക് സാധിക്കണം. കാപട്യങ്ങൾ വെടിഞ്ഞ് യഥാർത്ഥ മനുഷ്യരായി ജീവിക്കാനും, സ്നേഹത്തിലൂടെ ചരിത്രം മാറ്റിയെഴുതാനും ആഹ്വാനം ചെയ്തുകൊണ്ടാണ് ദിവ്യകാരുണ്യ ആരാധനയോടെ ആദ്യദിനത്തിലെ ശുശ്രൂഷകൾക്ക് മാർപാപ്പ സമാപനം കുറിച്ചത്.