ജർമനിയിൽ യുക്രെയ്ൻ സൈനിക വിമാനം തകർക്കാൻ ലക്ഷ്യമിട്ടെന്ന് കരുതുന്ന വൻ ഡ്രോൺ അട്ടിമറി ശ്രമത്തിന്റെ നിർണായക തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ലൈപ്സിഗ് വിമാനത്താവളത്തിന് സമീപത്തുനിന്ന് സ്ഫോടകവസ്തുക്കൾ അടങ്ങിയ മൂന്നാമത്തെ ഡ്രോൺ കൂടി അന്വേഷണ സംഘം കണ്ടെത്തി. ഡ്രോണിനൊപ്പം 50 ഗ്രാം അതീവ പ്രഹരശേഷിയുള്ള സ്ഫോടകവസ്തുക്കളും സംഭവസ്ഥലത്തുനിന്ന് ഫൊറൻസിക് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ലൈപ്സിഗ് വിമാനത്താവളത്തിൽ എത്തിയ തന്ത്രപ്രധാനമായ യുക്രെയ്ൻ സൈനിക വിമാനത്തെ ആക്രമിക്കുകയായിരുന്നു ഈ ഓപ്പറേഷന്റെ പ്രധാന ലക്ഷ്യമെന്നാണ് സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ. വിമാനത്താവളത്തിന് സമീപത്തുനിന്ന് നേരത്തെ രണ്ട് ഡ്രോണുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ സ്ഫോടകവസ്തുക്കളുമായി മൂന്നാമത്തെ ഡ്രോൺ കൂടി കണ്ടെത്തിയത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ നീക്കമായിരുന്നെങ്കിലും സാങ്കേതിക തകരാറോ സുരക്ഷാ സംവിധാനങ്ങളുടെ ഇടപെടലോ കാരണം അട്ടിമറി ശ്രമം ലക്ഷ്യം കാണാതെ പരാജയപ്പെടുകയായിരുന്നുവെന്നാണ് വിവരം.
ഡ്രോൺ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഫൊറൻസിക് വിരലടയാളങ്ങളും ഡിജിറ്റൽ ഡേറ്റകളും ജർമൻ ഫെഡറൽ അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്. വിദേശ ചാരസംഘടനകളുടെയോ അട്ടിമറി ഗ്രൂപ്പുകളുടെയോ നേരിട്ടുള്ള ഇടപെടൽ ഇതിന് പിന്നിലുണ്ടോയെന്നാണ് ഫെഡറൽ പ്രോസിക്യൂട്ടർ ജനറലിന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്.
ജർമനിയുടെ ആഭ്യന്തര സുരക്ഷയ്ക്കും വ്യോമതാവളങ്ങൾക്കും നേരെയുണ്ടായ ഏറ്റവും വലിയ ഭീഷണികളിലൊന്നായി സംഭവം മാറിയതോടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലും സൈനിക കേന്ദ്രങ്ങളിലും സുരക്ഷ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.