Loading time...
Global

ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സിന് സമീപം ആക്രമണം 30 പേര്‍ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ അഗ്‌നിക്കിരയാക്കപ്പെടുകയും ചെയ്തു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 25 Aug 2026, 10:55 am
Updated on: 25 Aug 2026, 10:55 am
Share:
Follow Us: YouTube
Feature Image

ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സിന് സമീപമുള്ള കെന്‍സ്‌കോഫില്‍ അക്രമികള്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ അഗ്‌നിക്കിരയാക്കപ്പെടുകയും ചെയ്തു. സുരക്ഷ ശക്തമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നിരന്തരമായ അക്രമങ്ങളില്‍ നിന്ന് തങ്ങളെ സംരക്ഷിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രാദേശിക ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്.


പോര്‍ട്ട്-ഓ-പ്രിന്‍സിലേക്ക് പ്രവേശിക്കാവുന്ന തന്ത്രപ്രധാന മേഖലയായ കെന്‍സ്‌കോഫില്‍ ഞായറാഴ്ച രാത്രി 10:30-ഓടെയാണ് സായുധ സംഘങ്ങള്‍ ഭീതിവിതച്ച് ഇരച്ചുകയറിയത്. വീടുകള്‍ക്കും പള്ളികള്‍ക്കും നേരെ അക്രമികള്‍ തീയിടുകയും പ്രദേശവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ആക്രമണത്തില്‍ 30 മുതല്‍ 40 വരെ ആളുകള്‍ കൊല്ലപ്പെടുകയും 20-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. പ്രമുഖ പൊതുജനാരോഗ്യ വിദഗ്ദ്ധന്‍ ജീന്‍ വില്യം പേപ്പിന്റെ വീടടക്കം നിരവധി കെട്ടിടങ്ങള്‍ നശിപ്പിക്കപ്പെട്ടതോടെ ഭയചകിതരായ ആയിരക്കണക്കിന് നിവാസികളാണ് പ്രദേശം ഉപേക്ഷിച്ച് കൂട്ടത്തോടെ പാലായനം ചെയ്യുന്നത്.


യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ച 'വിവ് അന്‍സം'  എന്ന കൊള്ളസംഘമാണ് ഈ കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് പ്രാദേശിക അധികൃതര്‍ വ്യക്തമാക്കി. ആക്രമണം നടന്നത് പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് വച്ചായിരുന്നിട്ടും പ്രതിരോധിക്കാന്‍ സേനയ്ക്ക് കഴിയാതിരുന്നതില്‍ ജനങ്ങള്‍ വലിയ രോഷത്തിലാണ്. രാജ്യത്ത് ക്രമസമാധാനം തിരികെ കൊണ്ടുവരാന്‍ ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ അന്താരാഷ്ട്ര സുരക്ഷാ സേനയെ നിയോഗിച്ചിട്ടുണ്ടെങ്കിലും അക്രമങ്ങള്‍ വീണ്ടും വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍  ചൂണ്ടിക്കാണിക്കുന്നു. ഒരു പതിറ്റാണ്ടിനു ശേഷം ഹെയ്തിയില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ പുതിയ അക്രമ തരംഗം രാജ്യത്തെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്.