ബിസിനസ്, ടൂറിസ്റ്റ് വിസകളില്‍ അമേരിക്കയിലെത്തി അഭയാര്‍ത്ഥി താമസത്തിനായി അപേക്ഷിച്ച രണ്ട് ലക്ഷത്തോളം വിദേശികളുടെ വിസ റദ്ദാക്കാന്‍ ട്രംപ് ഭരണകൂടം തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിസ റദ്ദാക്കല്‍ നടപടിയാണിത്, എന്നാല്‍ ഇതിനെതിരെ രാജ്യത്ത് ശക്തമായ നിയമപോരാട്ടങ്ങള്‍ക്കും സാധ്യതയുണ്ട്.
അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് രേഖകളെയും ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സ് ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 2016 നും 2026 നും ഇടയില്‍ ആ1 (ബിസിനസ്), ആ2 (ടൂറിസം) വിസകളില്‍ രാജ്യത്തെത്തുകയും പിന്നീട് സ്ഥിരമായി താമസിക്കുന്നതിനായി അസെയിലം (അഭയാര്‍ത്ഥിത്വം) അപേക്ഷിക്കുകയും ചെയ്ത വിദേശികളെ ലക്ഷ്യമിട്ടാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുമായി ചേര്‍ന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തിക്കുന്നത്. വ്യാജമായ അസെയിലം അപേക്ഷകള്‍ നല്‍കി രാജ്യത്തെ ഇമിഗ്രേഷന്‍ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഇനി അനുവദിക്കില്ലെന്ന് യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റഫര്‍ ലാന്‍ഡോ വ്യക്തനാക്കിയിട്ടുണ്ട്.
നിലവില്‍ വിസ റദ്ദാക്കുന്നത് കൊണ്ട് അപേക്ഷിച്ച് കഴിയുന്നവരെ പെട്ടെന്ന് നാടുകടത്തില്ലെന്നും, എന്നാല്‍ ഇവരുടെ വിസിറ്റര്‍ സ്റ്റാറ്റസ് നഷ്ടപ്പെടുമെന്നും അധികൃതര്‍ അറിയിക്കുന്നു. ഈ വര്‍ഷങ്ങളില്‍ മാത്രം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരും സര്‍ക്കാരിനെ വിമര്‍ശിച്ചവരുമായ 1.75 ലക്ഷത്തോളം വിദേശികളുടെ വിസയാണ് ട്രംപ് ഭരണകൂടം ഇതിനോടകം റദ്ദാക്കിയിട്ടുള്ളത്. ഇതിനുപുറമെ വിസ ഇല്ലാതെ അമേരിക്കയിലെത്തുന്ന ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന ജനനവകാശ പൗരത്വം നിര്‍ലാക്കാനുമുള്ള നടപടികളുമായി യുഎസ് സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.