കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ജർമൻ സർക്കാർ മുന്നോട്ട്. വിവിധ ജയിലുകളിൽ കഠിന തടവ് അനുഭവിച്ചിരുന്ന 23 കൊടുംകുറ്റവാളികളായ അഫ്ഗാൻ പൗരന്മാരെയാണ് ജർമനി പ്രത്യേക വിമാനത്തിൽ കാബൂളിലേക്ക് നാടുകടത്തിയത്. തിങ്കളാഴ്ച അർധരാത്രി ലെയ്‌പ്‌സിഗ് വിമാനത്താവളത്തിൽ നിന്നാണ് നാടുകടത്തപ്പെട്ടവരുമായി ഫ്രീബേർഡ് എയർലൈൻസിന്റെ പ്രത്യേക വിമാനം പറന്നുയർന്നത്. ജർമൻ ഫെഡറൽ പൊലീസിന്റെ പ്രത്യേക സുരക്ഷാ സേനയുടെ കാവലിൽ തുർക്കിയിലെ ട്രാബ്‌സണിൽ ഇന്ധനം നിറയ്ക്കാൻ ഇറങ്ങിയ വിമാനം ചൊവ്വാഴ്ച പുലർച്ചെയാണ് കാബൂളിലെത്തിയത്.
ലൈംഗികാതിക്രമങ്ങൾ, വധശ്രമം, മാരകമായ കവർച്ചകൾ, വൻതോതിലുള്ള ലഹരിക്കടത്ത് തുടങ്ങിയ ഗുരുതര കേസുകളിൽ കോടതി ശിക്ഷിച്ചവരെയാണ് നാടുകടത്തിയത്. ഇവർക്ക് അഭയാർഥി പദവിക്ക് അർഹതയില്ലെന്നും അധികൃതർ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടവുമായി ധാരണയുണ്ടാക്കിയാണ് ജർമനി ഈ നടപടി സ്വീകരിച്ചത്. എന്നാൽ, സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങൾ കവരുന്ന താലിബാനുമായി സർക്കാർ സന്ധി ചെയ്യുകയാണെന്ന് ആരോപിച്ച് ഗ്രീൻ പാർട്ടി എംപിമാർ രംഗത്തെത്തി.
നാടുകടത്തൽ തടയണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി ലെയ്‌പ്‌സിഗ് വിമാനത്താവളത്തിന് മുന്നിൽ എഴുപതോളം മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധ പ്രകടനം നടത്തി. ആഭ്യന്തര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അഭയാർഥി നിയമങ്ങൾ കർശനമാക്കാനും ക്രിമിനൽ പശ്ചാത്തലമുള്ള വിദേശികളെ എത്രയും വേഗം സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാനുമാണ് ജർമൻ സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് 23 അഫ്ഗാൻ പൗരന്മാരെ പ്രത്യേക വിമാനത്തിൽ കാബൂളിലേക്ക് തിരിച്ചയച്ചത്. സമാനമായ ശക്തമായ നാടുകടത്തൽ നടപടികൾ ഭാവിയിലും തുടരുമെന്ന സൂചനയാണ് ജർമൻ ആഭ്യന്തര മന്ത്രാലയം നൽകുന്നത്.