ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള നേപ്പാളിലെ റാസുവ ജില്ലയിൽ ഉണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ നിരവധി പേർ മരിക്കുകയും ഒട്ടനവധി പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. പ്രളയത്തെ തുടർന്ന് വീടുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.
കാണാതായവരിൽ 105 ഇന്ത്യക്കാരും ഉൾപ്പെടുന്നതായാണ് സൂചന. അതേസമയം, നേപ്പാൾ ടൂറിസം ബോർഡിന്റെ പ്രാഥമിക പട്ടിക പ്രകാരം മിന്നൽ പ്രളയത്തിൽ കാണാതായ 384 യാത്രക്കാരിൽ 291 പേരും വിദേശികളാണ്. ഓസ്‌ട്രേലിയ, നെതർലൻഡ്സ്, അമേരിക്ക, മലേഷ്യ, യുകെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും കാണാതായവരിലുണ്ട്.
കാണാതായവരിൽ 93 പേർ നേപ്പാൾ പൗരന്മാരാണ്. മറ്റ് ചിലരുടെ സ്വദേശം നിലവിൽ വ്യക്തമായിട്ടില്ല. ഇത് പ്രാഥമിക പട്ടിക മാത്രമാണെന്നും ട്രാവൽ ഏജൻസികൾ, ഗൈഡുമാർ, പ്രാദേശിക അധികൃതർ, സുരക്ഷാ ഏജൻസികൾ എന്നിവരുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു.
വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാകുന്നതുവരെ ആരും സ്വന്തം നിലയിൽ നിഗമനങ്ങളിലേക്ക് എത്തിച്ചേരരുതെന്നും ടൂറിസം ബോർഡ് വ്യക്തമാക്കി. കാണാതായവരിൽ ഭൂരിഭാഗവും ടിബറ്റിലേക്ക് തീർത്ഥാടനത്തിന് പോയവരാണെന്നാണ് കരുതുന്നത്. പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ മിന്നൽ പ്രളയം ഉണ്ടായതിന്റെ കാരണം നിലവിൽ വ്യക്തമായിട്ടില്ല. പ്രളയത്തെ തുടർന്ന് പ്രദേശത്ത് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
സംഭവത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിക്കുകയും ജീവൻ നഷ്ടപ്പെട്ടവരോടുള്ള അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. നേപ്പാളിന് എല്ലാവിധ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. മിന്നൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിലുള്ള ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ അധികൃതരോട് ജാഗ്രത പാലിക്കാനും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.