ചൈനീസ് ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്ഫോമായ ടെമുവിന് യൂറോപ്യൻ യൂണിയൻ 20 കോടി യൂറോ, പിഴ ചുമത്തി.
അപകടസാധ്യതയുള്ള കളിപ്പാട്ടങ്ങളും തകരാറുകളുള്ള ചാർജറുകളും ഉൾപ്പെടെയുള്ള നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ പ്ലാറ്റ്ഫോമിൽ വിൽപ്പനയ്ക്ക് ലഭ്യമായിരുന്നതാണ് നടപടിക്ക് കാരണം.
ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥാപിത അപകടസാധ്യതകളും ഉപഭോക്താക്കൾക്ക് ഉണ്ടാകാവുന്ന ദോഷങ്ങളും തിരിച്ചറിയുന്നതിലും വിശകലനം ചെയ്യുന്നതിലും വിലയിരുത്തുന്നതിലും ടെമു പരാജയപ്പെട്ടുവെന്ന് യൂറോപ്യൻ കമ്മീഷൻ വ്യക്തമാക്കി.
യൂറോപ്യൻ യൂണിയൻ നിയമപ്രകാരം ‘വെരി ലാർജ് ഓൺലൈൻ പ്ലാറ്റ്ഫോം’ എന്ന നിലയിൽ ടെമു ബാധ്യതകൾ പാലിക്കുന്നുണ്ടോയെന്ന കാര്യത്തിൽ 2024 ഒക്ടോബർ മുതൽ അന്വേഷണം നടന്നുവരികയായിരുന്നു.
സ്വതന്ത്ര പരിശോധനാ സ്ഥാപനത്തിന്റെ മിസ്റ്ററി ഷോപ്പിംഗ് പരിശോധനയിൽ ടെമുവിലൂടെ വാങ്ങിയ ചാർജറുകളിൽ വലിയൊരു വിഭാഗം അടിസ്ഥാന വൈദ്യുത സുരക്ഷാ പരിശോധനകളിൽ പരാജയപ്പെട്ടതായി കണ്ടെത്തി. കൂടാതെ, നിരവധി കളിപ്പാട്ടങ്ങളിൽ നിയമപരിധിയെക്കാൾ കൂടുതലായി രാസവസ്തുക്കൾ അടങ്ങിയിരുന്നതായും ശ്വാസംമുട്ടൽ അപകടസാധ്യത സൃഷ്ടിക്കുന്ന ചെറിയ വേർപെടാവുന്ന ഭാഗങ്ങൾ ഉണ്ടായിരുന്നതായും കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പിഴ അടയ്ക്കുന്നതിന് പുറമെ, കണ്ടെത്തിയ വീഴ്ചകൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനപദ്ധതി ഓഗസ്റ്റ് 28-നകം സമർപ്പിക്കാനും ടെമുവിന് നിർദേശം നൽകിയിട്ടുണ്ട്. തുടർന്ന് രണ്ട് മാസത്തിനകം കമ്പനി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് കമ്മീഷൻ വിലയിരുത്തും.
നടപടി ടെമുവിന് ശക്തമായ വാണിങ് നൽകുന്നതിനാണെന്ന് യൂറോപ്യൻ യൂണിയൻ ടെക് കമ്മീഷണർ ഹെന വിർക്കുനൻ പറഞ്ഞു.
അതേസമയം, യൂറോപ്യൻ കമ്മീഷന്റെ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയ ടെമു, പിഴ അനുപാതരഹിതമാണെന്നാണ് അഭിപ്രായപ്പെട്ടത്. തീരുമാനം വിശദമായി പരിശോധിച്ചുവരികയാണെന്നും ലഭ്യമായ എല്ലാ മാർഗങ്ങളും പരിഗണിക്കുകയാണെന്നും കമ്പനി അറിയിച്ചു.
യുകെയിലെ ഉപഭോക്തൃ സംഘടനയായ ‘വിച്ച്' യൂറോപ്യൻ യൂണിയന്റെ നടപടിയെ സ്വാഗതം ചെയ്തു. ഓൺലൈൻ മാർക്കറ്റ്‌പ്ലേസുകളെ അവരുടെ പ്ലാറ്റ്ഫോമുകളിലെ അപകടകരമായ ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ഉത്തരവാദികളാക്കാൻ ശക്തമായ നടപടികൾ ആവശ്യമാണെന്നും സംഘടന അഭിപ്രായപ്പെട്ടു.
ഡിജിറ്റൽ സർവീസസ് ആക്റ്റ് പ്രകാരം യൂറോപ്യൻ യൂണിയൻ ചുമത്തുന്ന രണ്ടാമത്തെ പിഴയാണിത്. കഴിഞ്ഞ ഡിസംബറിൽ ഇലോൺ മസ്കിന്റെ എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന് 12 കോടി യൂറോ പിഴ ചുമത്തിയിരുന്നു.