Loading time...
Global

ബഹിരാകാശ നിലയത്തിൽ വാതക ചോർച്ച ; സുരക്ഷാ ഭീഷണി.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 7 Jun 2026, 6:47 pm
Updated on: 7 Jun 2026, 6:47 pm
Share:
Follow Us: YouTube
Feature Image

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ വായു ചോർച്ച ശക്‌തമായതിനെ തുടർന്ന് അഞ്ച് ബഹിരാകാശ യാത്രികരെ അടിയന്തര സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിലയത്തിൽ ഘടിപ്പിച്ചിട്ടുള്ള സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ കാപ്‌സ്യൂളിലേക്ക് മാറ്റി . റഷ്യൻ ബഹിരാകാശ ഏജൻസിയായ 'റോസ്കോസ്മോസ്' ചോർച്ച അടയ്ക്കുന്നതിനായി നടത്തിയ അപകടകരമായ അറ്റകുറ്റപ്പണി ശ്രമങ്ങളെ തുടർന്നാണ് നാസ യാത്രികർക്ക് ഈ നിർദേശം നൽകിയത്. 

 

ബഹിരാകാശ നിലയത്തിൻ്റെ ഘടനയ്ക്ക് തന്നെ ഭീഷണിയായേക്കാവുന്ന രീതിയിലായിരുന്നു റഷ്യൻ ഏജൻസിയുടെ അറ്റകുറ്റപ്പണി ആസൂത്രണം. എന്നാൽ പിന്നീട് നാസയുടെ ഇടപെടലിനെ തുടർന്ന് റഷ്യ ഈ നീക്കത്തിൽ നിന്ന് താൽക്കാലികമായി പിന്മാറുകയും യാത്രികർ സുരക്ഷിതരായി നിലയത്തിലേക്ക് മടങ്ങുകയും ചെയ്തു‌. എങ്കിലും 25 വർഷത്തിലേറെ പഴക്കമുള്ള ബഹിരാകാശ നിലയത്തിൻ്റെ ഭാവിക്ക് മേൽ ഈ ചോർച്ച വലിയൊരു ചോദ്യചിഹ്‌നമായി അവശേഷിക്കുകയാണ്. 

 

വെള്ളിയാഴ്ച‌യാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഐഎസ്എസിൻ്റെ റഷ്യൻ ഭാഗത്തുള്ള 'സ്വെസ്ദ' മൊഡ്യൂളും ഡോക്കിങ് ഹാച്ചും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രാൻസ്ഫ‌ർ ടണലിലാണ് വായു ചോർച്ച കണ്ടെത്തിയത്. ചോർച്ചയുടെ ഉറവിടം കൂടുതൽ വ്യക്‌തമായി പരിശോധിക്കുന്നതിനായി അവിടെയുള്ള ഒരു ബ്രാക്കറ്റ് മുറിച്ചുമാറ്റാൻ റോസ്കോസ്മോസ് തീരുമാനിച്ചു.

 

എന്നാൽ ഈ നീക്കം ബഹിരാകാശ നിലയത്തിൻ്റെ ആ ഭാഗത്തെ ഘടനയ്ക്ക് വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണി ഉയർത്തിയേക്കാമെന്ന് നാസ വിലയിരുത്തി. അറ്റകുറ്റപ്പണിക്കിടെ എന്തെങ്കിലും അപകടം സംഭവിച്ചാൽ ഉടനടി ഭൂമിയിലേക്ക് രക്ഷപ്പെടുന്നതിനായി ബഹിരാകാശ യാത്രികരോട് സമീപത്തുണ്ടായിരുന്ന പേടകത്തിലേക്ക് മാറാൻ നാസ ഉത്തരവിടുകയായിരുന്നു.

 

സ്പേസ് എക്സിൻ്റെ ക്രൂ-12 ദൗത്യത്തിൻ്റെ ഭാഗമായി നിലയത്തിലെത്തിയ നാസയുടെ ജെസീക്ക മെയർ, ജാക്ക് ഹാതവേ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സോഫി അഡെനോട്ട്, റഷ്യൻ കോസ്മോനട്ട് ആൻഡ്രേ ഫെഡ് യാവേവ് എന്നിവരും റഷ്യൻ സോയൂസ് പേടകത്തിൽ എത്തിയ നാസയുടെ ക്രിസ് വില്യംസും ഉൾപ്പെടെ അഞ്ച് യാത്രികരാണ് 13 അടി മാത്രം വീതിയുള്ള ക്രൂ ഡ്രാഗൺ കാപ്‌സ്യൂളിൽ അഭയം തേടിയത്.

 

എന്നാൽ, കൂടുതൽ ഡേറ്റയും അളവുകളും പരിശോധിച്ച ശേഷം റഷ്യൻ ഏജൻസി ഈ അറ്റകുറ്റപ്പണി ശ്രമം താൽക്കാലികമായി നിർത്തിവെച്ചു. റഷ്യൻ നിലപാട് മാറ്റത്തെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയ നാസ, മിനിറ്റുകൾക്കകം യാത്രികരെ തിരികെ നിലയത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയും ചെയ്തു‌. റഷ്യൻ കോസ്മോനട്ടുകളായ സെർജി കുഡ്-സ്വെർക്കോവ്, സെർജി മികായേവ് എന്നിവർ മാത്രമാണ് ഈ സമയത്ത് പേടകത്തിന് പുറത്തുണ്ടായിരുന്നത്.

 

ബഹിരാകാശ നിലയത്തിലെ വായു ചോർച്ച ഒരു പുതിയ പ്രതിഭാസമല്ല. 2019 മുതൽ റഷ്യൻ മൊഡ്യൂളിലെ 'PrK' എന്ന് വിളിക്കുന്ന ട്രാൻസ്‌ഫർ ടണലിൽ വായു ചോർച്ച ശ്രദ്ധയിൽപ്പെട്ടിരുന്നു. വർഷങ്ങളായി ഇതിൻ്റെ തീവ്രത കൂടുകയും കുറയുകയും ചെയ്യാറുണ്ട്. ചോർച്ച നിയന്ത്രിക്കുന്നതിനായി ബഹിരാകാശ നിലയത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഈ ടണൽ ഭൂരിഭാഗം സമയവും അടച്ചിട്ടാണ് സൂക്ഷിക്കാറുള്ളത്.