ക്രൂഡ് ഓയിൽ മോഷണം ആരോപിച്ച് നൈജീരിയയിൽ തടവിലാക്കപ്പെട്ട കപ്പലിലെ ഇന്ത്യക്കാർ അടക്കമുള്ള ജീവനക്കാർ കുറ്റക്കാരല്ലെന്ന് അന്താരാഷ്ട്ര ട്രിബ്യൂണൽ വിധി. മോചനദ്രവ്യവും കപ്പൽ ഉടമയ്ക്കുണ്ടായ നഷ്‌ടങ്ങളുടെ തുകയും ജീവനക്കാരുടെ നഷ്ടപരിഹാരവും ഉൾപ്പെടെ വലിയ തുക ഇവർക്ക് നൽകാനും വിധിയായി. തടവിലാക്കപ്പെട്ട എം.ടി. ഹീറോയ്കക് ഇഡുൻ എന്ന കപ്പലിലുണ്ടായിരുന്ന 26 ജീവനക്കാരിൽ 16 പേർ ഇന്ത്യക്കാരായിരുന്നു. ഇതിൽ ചീഫ് ഓഫീസർ സനു ജോസ് ഉൾപ്പെടെ മൂന്ന് മലയാളികളുമുണ്ടായിരുന്നു.
2023-ൽ നടന്ന സംഭവത്തിൽ പത്ത് മാസത്തോളം നീണ്ട കടൽതടവിന് ശേഷമാണ് നാവികർ നൈജീരിയയിൽ നിന്ന് മോചിതരായത്. നൈജീരിയൻ കോടതിയിൽ കപ്പൽ ഉടമകൾ നടത്തിയ നീണ്ട നിയമ യുദ്ധത്തിനും വൻ തുക മോചന ദ്രവ്യമായി നൽകിയതിനും ശേഷമാണ് ഇവരെ വിട്ടയച്ചത്. പിന്നീട് ഇന്റർനാഷണൽ ട്രിബ്യൂണൽ ഫോർ ലോ ഓഫ് സീ എന്ന അന്താരാഷ്ട്ര ട്രിബ്യൂണലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന നിയമ പോരാട്ടത്തിന് ശേഷമാണ് ഇപ്പോൾ കപ്പലിനും നാവികർക്കും അനുകൂലമായ വിധി വന്നിരിക്കുന്നത്. മാർഷൽ ഐലൻഡിൽ രജിസ്റ്റർ ചെയ്‌ത കപ്പൽ സഞ്ചാരത്തിനിടയിൽ നൈജീരിയൻ നേവി ഇടപെട്ട് ഇന്ധന മോഷണം ആരോപിച്ച് ഇക്വറ്റോറിയൽ ഗിനിയിൽ തടഞ്ഞുവെച്ച ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.