Loading time...
Global

ചൈനയ്‌ക്കെതിരെ ക്വാഡ് സഖ്യം കൂടുതൽ കരുത്താർജിക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ വിശകലന ഗ്രൂപ്പായ യുറേഷ്യ ഗ്രൂ പ്പിന്റെ വിലയിരുത്തൽ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 27 May 2026, 5:01 pm
Updated on: 27 May 2026, 6:32 pm
Share:
Follow Us: YouTube
Feature Image

നിറയെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു കൂടികാഴ്ച്ചയ്ക്കാണ് കഴിഞ്ഞ ആഴ്ച ലോകം സാക്ഷിയായത് . യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തിൽ നിരവധി വിഷയങ്ങളിൽ തീരുമാനം ആകുമെന്നുള്ള പ്രതീക്ഷ പലകോണുകളിൽനിന്നും ഉയർന്നു വന്നിരുന്നു . എന്നാൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടത്തിയ ചർച്ചകൾ പ്രതീക്ഷിച്ച ഫലം കാണാത്ത പശ്ചാത്തലത്തിൽ, ഇൻഡോ-പസഫിക് മേഖലയിലെ സുപ്രധാന സഖ്യമായ ക്വാഡ് കൂടുതൽ കരുത്താർജിക്കാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വിശകലന ഗ്രൂപ്പായ യുറേഷ്യ ഗ്രൂപ്പ് വിലയിരുത്തുന്നത് .

മേഖലയിലെ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ പ്രതിരോധിക്കാൻ ട്രംപ് ഭരണകൂടം ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് സഖ്യത്തെ കൂടുതൽ ശക്‌തമായി ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മുൻപ് ട്രംപിൻ്റെ രണ്ടാം ഭരണകാലത്തിൻ്റെ തുടക്കത്തിൽ ക്വാഡ് സഖ്യത്തിന്റെ പ്രാധാന്യം കുറയുന്നതായി ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. യുഎസ്-ചൈന വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും നേരിട്ടുള്ള ചർച്ചകൾക്കും ട്രംപ് മുൻഗണന നൽകിയതായിരുന്നു ഇതിന് കാരണം. എന്നാൽ ഈ ചർച്ചകൾ പരാജയപ്പെട്ടതോടെ തന്ത്രപരമായ ഒരു പുനർവിചിന്തനത്തിന് അമേരിക്ക നിർബന്ധിതരായിരിക്കുകയാണ്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ഉൾപ്പെടെയുള്ള പ്രമുഖർ ഈ സഖ്യത്തിൻ്റെ പ്രാധാന്യം അടിവരയിട്ട് സംസാരിക്കുന്നുണ്ട്.

ഇൻഡോ-പസഫിക് മേഖലയിൽ ഇന്ത്യക്കുള്ള നിർണായക പങ്കിന്റെ തെളിവാണിതെന്ന് യുഎസ് വൃത്തങ്ങൾ വ്യക്‌തമാക്കുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും പകരം അമേരിക്കൻ, വെനസ്വേലൻ എണ്ണ വാങ്ങുന്നതിനും, അതോടൊപ്പം ബോയിങ് വിമാനങ്ങൾ ഉൾപ്പെടെയുള്ള അമേരിക്കൻ ഉൽപന്നങ്ങൾ വാങ്ങുന്നതിനും ഇന്ത്യക്കുമേൽ യുഎസ് സമ്മർദം ചെലുത്തുന്നുണ്ട്. ഇതിന് പകരമായി ക്വാഡ് സഖ്യത്തെ കൂടുതൽ സജീവമാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.

ജപ്പാൻ, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൽ നിലവിൽ ശക്തമായ ത്രിരാഷ്ട്ര സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെങ്കിലും, ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്ന് രാജ്യാന്തര വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. മുൻകാലങ്ങളിൽ ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ ചൈനയുമായുള്ള തങ്ങളുടെ വ്യാപാര ബന്ധങ്ങളെ ബാധിക്കുമെന്ന ഭയത്താൽ ക്വാഡ് സഖ്യത്തിൽ നിന്ന് താൽക്കാലികമായി അകലം പാലിച്ചിരുന്നു.

എന്നാൽ നിലവിലെ മാറിയ സാഹചര്യത്തിൽ, അംഗരാജ്യങ്ങൾക്കിടയിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽപ്പോലും, ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിൽ ക്വാഡ് സഖ്യം ഏറ്റവും നിർണായകമായ ഒരു ഘടകമായി തുടരുമെന്നാണ് യുറേഷ്യ ഗ്രൂപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.