Loading time...
Global

എ ഐ അധിഷ്ഠിത മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 27 May 2026, 6:12 pm
Updated on: 27 May 2026, 6:30 pm
Share:
Follow Us: YouTube
Feature Image

ആയുധങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും ലോകരാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഉത്തരകൊറിയ. എറ്റവും പുതിയ റിപ്പോർട്ട്‌ അനുസരിച്ച് ആധുനിക യുദ്ധമുറകൾ ലക്ഷ്യമിട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിക്കുന്ന ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് ഉത്തരകൊറിയ.

ഏകാധിപ്പത്യ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരീക്ഷണമെന്ന് ഉത്തരകൊറിയൻ ഔദ്യോഗിക വാർത്ത ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.

 

ആധുനിക യുദ്ധസാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ആയുധങ്ങളും അവയുടെ ഓട്ടോമേറ്റഡ് ലോഞ്ച് സിസ്റ്റങ്ങളും വിജയകരമായി നവീകരിച്ചതായി കിം ജോങ് ഉൻ അവകാശപ്പെട്ടു.

 

എ.ഐ സഹായത്തോടെ കൃത്യമായ നാവിഗേഷൻ സാധ്യമാകുന്ന പുതിയ ക്രൂയിസ് മിസൈലുകൾക്ക് 100 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ വരെ കൃത്യമായി തകർക്കാൻ ശേഷിയുണ്ടെന്നാണ് വിവരം . തത്സമയ ഡേറ്റ വിശകലനം ചെയ്ത് ലക്ഷ്യസ്ഥാനങ്ങളുടെ മാപ്പ് തയാറാക്കാനും അവ കൃത്യമായി ലോക്ക് ചെയ്യാനും എ.ഐ സാങ്കേതികവിദ്യ മിസൈലുകളെ സഹായിക്കും. ഇവ ദക്ഷിണകൊറിയൻ അതിർത്തിയോട് ചേർന്നുള്ള പീരങ്കിപ്പടയുടെ ഭാഗമാക്കുമെന്നും കിം അറിയിച്ചു.

 

ദക്ഷിണകൊറിയൻ തലസ്ഥാനമായ സോൾ നഗരം അതിർത്തിയിൽനിന്നും വെറും 100 കിലോമീറ്റർ മാത്രം അകലെയാണെന്നത് മേഖലയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ദക്ഷിണകൊറിയയെ തങ്ങളുടെ 'പ്രധാന ശത്രു'വായി പ്രഖ്യാപിച്ച ഉത്തരകൊറിയ, കൊറിയൻ പുനരേകീകരണ ചർച്ചകളിൽനിന്നും നേരത്തെതന്നെ പിന്മാറിയിരുന്നു.

 

മിസൈൽ സാങ്കേതികവിദ്യയിൽ ഉത്തരകൊറിയ 'എ.ഐ' ഉപയോഗിക്കുന്നതായി പരസ്യമായി വ്യക്തമാക്കുന്നത് ഇതാദ്യമായാണെന്ന് പ്രതിരോധ വിദഗ്ധർ പറയുന്നു. നിലവിലുള്ള ഡിജിറ്റൽ ഗൈഡൻസ് സിസ്റ്റവും ഓട്ടോമാറ്റിക് ടാർഗെറ്റ് റെക്കഗ്നിഷൻ സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുള്ള നവീകരണമാണ് ഉത്തരകൊറിയ നടത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ.

 

2023 അവസാനത്തോടെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിനായി ഉത്തരകൊറിയ റഷ്യയ്ക്ക് വലിയ തോതിൽ ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റുകളും കൈമാറിയിരുന്നു. ഈ ആയുധങ്ങൾ യുദ്ധഭൂമിയിൽ പ്രയോഗിച്ചതിലൂടെ ലഭിച്ച നിർണായക വിവരങ്ങളാണ് തങ്ങളുടെ ആയുധപ്പുര നവീകരിക്കാൻ ഉത്തരകൊറിയയെ സഹായിച്ചതെന്നാണ് നിഗമനം. ചൊവ്വാഴ്ച ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയതായി ദക്ഷിണകൊറിയൻ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.