Loading time...
Business

2000 കോടി ഡോളറിന്റെ 'മൂൺ ബേസ്' പദ്ധതി പ്രഖ്യാപിച്ച് നാസ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 27 May 2026, 7:09 pm
Updated on: 27 May 2026, 7:09 pm
Share:
Follow Us: YouTube
Feature Image

ചന്ദ്രന്റെ ഉപരിതലത്തിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് ബഹിരാകാശ ഏജൻസി നാസ പ്രഖ്യാപിച്ച 2000 കോടി ഡോളറിന്റെ 'മൂൺ ബേസ്' പദ്ധതിയുടെ ആദ്യഘട്ട വാണിജ്യ കരാറുകൾ പ്രഖ്യാപിച്ചു. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിൻ ആണ് കരാർ തുകയിൽ സിംഹഭാഗവും സ്വന്തമാക്കി ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. അതേസമയം, ഈ രംഗത്തെ പ്രമുഖരായ ഇലോൺ മസ്കിന്റെ സ്പേസ് എക്സിന് ആദ്യ റൗണ്ട് കരാറുകളിൽ ഇടം നേടാനായില്ല എന്നത് ശ്രദ്ധേയമായി.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം നൂറുകണക്കിന് ചതുരശ്ര മൈൽ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ താവളം നിർമിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഭൂമിക്ക് പുറത്ത് മനുഷ്യരാശിയുടെ ആദ്യത്തെ സ്ഥിരമായ ഔട്ട്‌പോസ്റ്റ് ആയിരിക്കും ഇതെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നാസ പ്രഖ്യാപിച്ച ആദ്യഘട്ട അടിസ്ഥാന സൗകര്യ വികസന കരാറുകളിൽ പ്രമുഖ കമ്പനികൾ കോടിക്കണക്കിന് ഡോളറിന്റെ നിർമാണ ചുമതലകളാണ് സ്വന്തമാക്കിയിരിക്കുന്നത്

മനുഷ്യരില്ലാത്ത രണ്ട് ചാന്ദ്ര ലാൻഡറുകൾ നിർമിക്കുന്നതിനായി ബ്ലൂ ഒറിജിന് 46.8 കോടി ഡോളറിന്റെ വലിയ കരാറാണ് ലഭിച്ചിരിക്കുന്നത്.

ആസ്ട്രോലാബും ലൂണാർ ഔട്ട്‌പോസ്റ്റും ഭാവിയിൽ ബഹിരാകാശ സഞ്ചാരികളെ വഹിക്കാൻ ശേഷിയുള്ള, മനുഷ്യരില്ലാത്ത റോവറുകൾ വികസിപ്പിക്കും അതിനായി ഇരു കമ്പനികൾക്കും 22 കോടി ഡോളർ വീതം ലഭിക്കും.

ഫയർഫ്ലൈ എയറോസ്‌പേസിന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി നിർമിക്കുന്ന നാല് ഡ്രോണുകൾ ചന്ദ്രനിലെത്തിക്കാൻ 7.5 കോടി ഡോളറിന്റെ കരാർ ലഭിച്ചു. ഈ ഡ്രോണുകൾ ബഹിരാകാശ സഞ്ചാരികൾക്ക് ഇറങ്ങാനുള്ള സ്ഥലങ്ങൾ സർവേ ചെയ്യാനും മൂൺ ബേസിന്റെ അതിരുകൾ നിർണയിക്കാനും ഉപയോഗിക്കും.

ബ്ലൂ ഒറിജിനെ സംബന്ധിച്ചിടത്തോളം ഈ കരാർ വലിയൊരു ആശ്വാസമാണ്. കഴിഞ്ഞ ഏപ്രിലിൽ ഒരു ഉപഭോക്താവിന്റെ ഉപഗ്രഹം നഷ്ടപ്പെട്ടതിനെ തുടർന്ന് കമ്പനിയുടെ 'ന്യൂ ഗ്ലെൻ' റോക്കറ്റ് വിക്ഷേപണങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ ഫെഡറൽ റെഗുലേറ്റർമാരുടെ അന്വേഷണം പൂർത്തിയായതോടെ വരും മാസങ്ങളിൽ കൂടുതൽ വിക്ഷേപണങ്ങൾ നടത്താൻ ബെസോസിന്റെ കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

ചന്ദ്രനിൽ സ്ഥിരതാവളം ഒരുക്കുന്നതിനായി മൂന്ന് ഘട്ടങ്ങളുള്ള വിപുലമായ പദ്ധതിയാണ് നാസ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ വർഷം തന്നെ മൂന്ന് നിർണായക ദൗത്യങ്ങൾ ചന്ദ്രനിലേക്ക് പുറപ്പെടും.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ചാന്ദ്ര ഉപരിതലത്തിൽ പരീക്ഷണങ്ങൾ നടത്താനും സാങ്കേതികവിദ്യകൾ പൂർണസജ്ജമാക്കാനും ഈ ഘട്ടം ഉപയോഗിക്കും. ഈ വർഷം വിക്ഷേപിക്കുന്ന മൂന്ന് ദൗത്യങ്ങളിൽ എറ്റവും ആദ്യ ദൗത്യം 

മൂൺ ബേസ്-I ആണ്. ഈ വർഷം സെപ്റ്റംബറിന് ശേഷം വിക്ഷേപിക്കുന്ന ഈ ദൗത്യത്തിനായി ബ്ലൂ ഒറിജിന്റെ 'ബ്ലൂ മൂൺ മാർക്ക് 1 എൻഡ്യൂറൻസ്' ലാൻഡർ നാസ തിരഞ്ഞെടുത്തു. റോക്കറ്റ് എൻജിനുകൾ ചന്ദ്രന്റെ ഉപരിതലവുമായി എങ്ങനെ പ്രതിപ്രവർത്തിക്കുന്നു എന്ന് പഠിക്കാനുള്ള സ്റ്റീരിയോ ക്യാമറകളും, കൃത്യമായ സ്ഥാനം നിർണയിക്കാനുള്ള ലേസർ റെട്രോറിഫ്ലെക്ടീവ് അറേയും ഇത് ചന്ദ്രനിലെത്തിക്കും. ദക്ഷിണ ധ്രുവത്തിലെ 'ഷാക്കിൾട്ടൺ കണക്റ്റിങ് റിഡ്ജ്' എന്ന പ്രദേശത്തായിരിക്കും ഇത് ലാൻഡ് ചെയ്യുക. ഈ വർഷം അവസാനം നടക്കുന്ന മൂൺ ബേസ്-II ദൗത്യത്തിൽ അസ്‌ട്രോബോട്ടിക്സിന്റെ 'ഗ്രിഫിൻ' ലാൻഡർ ഉപയോഗിച്ച് 1,100 പൗണ്ടിലധികം ഭാരമുള്ള കാർഗോ ചന്ദ്രനിലെത്തിക്കും. ഇതിൽ ആസ്ട്രോലാബിന്റെ 'ഫ്ലിപ്പ്' റോവറും ഉൾപ്പെടുന്നു. ചന്ദ്രന്റെ ഉപരിതലത്തിനടിയിലെ കാന്തിക മണ്ഡലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കരുതപ്പെടുന്ന നിഗൂഢമായ ചാന്ദ്ര ചുഴികളെ കുറിച്ച് പഠിക്കാനുള്ള നാസയുടെ 'ലൂണാർ വെർട്ടെക്സ്' ദൗത്യം മൂൺ ബേസ്-III യോടൊപ്പം അയക്കും. യൂറോപ്യൻ, കൊറിയൻ ബഹിരാകാശ ഏജൻസികളുടെ പേലോഡുകളും ഇതിലുണ്ടാകും.

2029 മുതൽ 2032 വരെ നടക്കുന്ന രണ്ടാം ഘട്ടത്തിൽ മൂൺ ബേസിന്റെ സ്ഥിരമായ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം ആരംഭിക്കും. ചന്ദ്രനിൽ ഒരു പവർ ഗ്രിഡ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.

2032-ന് ശേഷം നടത്താൻ ഉദ്ദേശിക്കുന്ന മൂന്നാം ഘട്ടമാകും ഏറ്റവും നിർണായകം.

തുടർച്ചയായ മനുഷ്യ സാന്നിധ്യവും കൃത്യമായ ഇടവേളകളിലുള്ള ബഹിരാകാശ സഞ്ചാരികളുടെ മാറ്റവും ഈ ഘട്ടത്തിൽ സാധ്യമാകും. ചാന്ദ്ര ഖനനം, ഗവേഷണം എന്നിവ പൂർണതോതിൽ പ്രവർത്തനസജ്ജമാകും. ‘അതോടെ ഞങ്ങൾക്ക് പറയാൻ കഴിയും, ഞങ്ങൾ ഇവിടെ സ്ഥിരമായി എത്തിക്കഴിഞ്ഞു, ഇത് ഉപേക്ഷിക്കാൻ പോകുന്നില്ല,’ എന്ന് നാസയുടെ മൂൺ ബേസ് പ്രോഗ്രാം എക്സിക്യൂട്ടീവ് കാർലോസ് ഗാർഷ്യ-ഗാലൻ പറഞ്ഞു.

ചന്ദ്രനിലെ താവളം ഒരു നഗരം പോലെ നൂറുകണക്കിന് ചതുരശ്ര മൈലുകളിലേക്ക് വ്യാപിച്ചുകിടക്കണമെന്ന് പ്രോഗ്രാം ഡയറക്ടർ കാർലോസ് ഗാർഷ്യ-ഗാലൻ വ്യക്തമാക്കി. ചന്ദ്രനിൽ ഒരൊറ്റ സ്ഥലത്ത് മാത്രം എല്ലാ ശാസ്ത്ര പരീക്ഷണങ്ങളും താമസസൗകര്യങ്ങളും ഒരുക്കാൻ കഴിയില്ല. സൂര്യപ്രകാശം എപ്പോഴും ലഭിക്കുന്ന കുന്നിൻമുകളിലായിരിക്കും ചില പ്രവർത്തനങ്ങൾ നടക്കുക. എന്നാൽ വെള്ളം നിർമിക്കുന്നതിനായി ഐസ് ഖനനം ചെയ്യേണ്ടത് എപ്പോഴും ഇരുട്ട് നിറഞ്ഞ പ്രദേശങ്ങളിലായിരിക്കും. റേഡിയേഷൻ സുരക്ഷ മുൻനിർത്തി ചാന്ദ്ര ഖനന കേന്ദ്രങ്ങളും ആണവോർജ ഉൽപാദന കേന്ദ്രങ്ങളും മനുഷ്യർ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്ന് ഏറെ അകലെയായിരിക്കും സ്ഥാപിക്കുക.

ഈ പ്രഖ്യാപനത്തിൽ സ്പേസ് എക്സിന് കരാറുകളൊന്നും ലഭിച്ചില്ലെങ്കിലും, നാസയുടെ ആർട്ടെമിസ് ദൗത്യങ്ങളിൽ കമ്പനിക്ക് നിർണായക പങ്കുണ്ട്. 2027ൽ നടക്കാനിരിക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിൽ, ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് സ്പേസ് എക്സിന്റെയും ബ്ലൂ ഒറിജിന്റെയും ക്രൂഡ് ലാൻഡറുകൾ ഡോക്കിങ് പരീക്ഷണങ്ങൾ നടത്തും. 1972ന് ശേഷം ആദ്യമായി മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള നാസയുടെ ലക്ഷ്യം 2028ലാണ്. ഈ ചരിത്ര ദൗത്യത്തിനായി ബഹിരാകാശ സഞ്ചാരികളെ വഹിക്കാൻ സ്പേസ് എക്സും ബ്ലൂ ഒറിജിനും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇലോൺ മസ്കിന്റെ കമ്പനി തങ്ങളുടെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ പരീക്ഷണം കഴിഞ്ഞ ആഴ്ച വിജയകരമായി പൂർത്തിയാക്കിയിരുന്നു. കൂടാതെ 1.75 ട്രില്യൺ ഡോളറിന്റെ ഐപിഒ ലക്ഷ്യമിട്ടും കമ്പനി മുന്നോട്ട് പോകുന്നുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ ആർട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായി നാല് ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ വലംവച്ച് വിജയകരമായി തിരിച്ചെത്തി. 1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യൻ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിന് അപ്പുറത്തേക്ക് യാത്ര ചെയ്തത്. ജിൻ സെർനാൻ, ഹാരിസൺ സ്മിത്ത് എന്നിവരാണ് അവസാനമായി ചന്ദ്രനിൽ നടന്ന മനുഷ്യർ.

ചന്ദ്രനിലെ താവളം വികസിപ്പിക്കുമ്പോൾ 1967ലെ ബാഹ്യ ബഹിരാകാശ ഉടമ്പടി യുഎസ് പൂർണമായി മാനിക്കുമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ഐസക്മാൻ വ്യക്തമാക്കി. ഈ ഉടമ്പടി പ്രകാരം ചന്ദ്രനിലോ മറ്റ് ആകാശഗോളങ്ങളിലോ ഒരു രാജ്യത്തിനും പരമാധികാരം സ്ഥാപിക്കാനോ പ്രദേശം സ്വന്തമാക്കാനോ അവകാശമില്ല.

2030ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനും സ്വന്തം താവളം സ്ഥാപിക്കാനും ലക്ഷ്യമിടുന്ന ചൈനയെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘ചാന്ദ്ര ഉപരിതലത്തിൽ മറ്റ് രാജ്യങ്ങൾ സ്ഥാപിക്കുന്ന ആസ്തികളെ ഞങ്ങൾ ബഹുമാനിക്കുന്നു. അതേ ബഹുമാനം തിരികെയും ഞങ്ങൾ പ്രതീക്ഷിക്കുന്നു.’

അപ്പോളോ കാലഘട്ടത്തിലെ തന്ത്രങ്ങൾ ആധുനിക രീതിയിൽ പൊടിതട്ടിയെടുക്കുകയാണെന്നും, വൈവിധ്യമാർന്ന വാണിജ്യ പങ്കാളികളിലൂടെ ചന്ദ്രനിലെ കഠിനമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള കഴിവ് മനുഷ്യൻ നേടിയെടുക്കുമെന്നും നാസ പ്രത്യാശ പ്രകടിപ്പിച്ചു.