അനധികൃത കുടിയേറ്റം മൂലം പൊറുതിമുട്ടിയ യൂറോപ്യൻ രാജ്യങ്ങളുടെ നേതൃത്തത്തിൽ നിലവിൽ വരുന്ന യൂറോപ്യൻ യൂണിയൻ്റെ പുതിയ കുടിയേറ്റ കരാറിൻ്റെ ഭാഗമായി അഭയാർഥി നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ നെതർലൻഡ്‌സ് പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റ് അനുമതി നൽകി. യുദ്ധവും ആഭ്യന്തര കലാപങ്ങളും കാരണം സ്വന്തം നാടുവിട്ട് നെതർലൻഡ്‌സിൽ അഭയം തേടുന്ന വിദേശികളെയാണ് ഈ പരിഷ്കാരം നേരിട്ട് ബാധിക്കുക.
ജൂൺ 12 മുതൽ രാജ്യത്ത് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ പുതിയ ഭേദഗതി പ്രകാരം അഭയാർഥികൾക്ക് ഇനിമുതൽ നെതർലൻഡ്‌സിൽ സ്‌ഥിരതാമസത്തിനുള്ള അനുമതി ലഭിക്കില്ല. താല്‌കാലികമായി നൽകുന്ന താമസാനുമതിയുടെ കാലാവധി അഞ്ചു വർഷത്തിൽ നിന്നും മൂന്ന് വർഷമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. കൂടാതെ, അഭയാർത്ഥികളായി എത്തുന്നവർക്ക് കുടുംബാംഗങ്ങളെക്കുടി നെതർലൻഡ്‌സിലേക്ക് കൊണ്ടുവരുന്നതിനുള്ള നിബന്ധനകളും കടുപ്പിച്ചിട്ടുണ്ട്. തീവ്ര വലതുപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ള വലിയൊരു രാഷ്ട്രീയ സഖ്യമാണ് സെനറ്റിൽ ഈ തീരുമാനത്തെ പിന്തുണച്ചത്.
യൂറോപ്യൻ യൂണിയൻ ഒപ്പുവെച്ച പൊതുവായ കുടിയേറ്റ കരാർ നടപ്പിലാക്കുമ്പോൾ, ഓരോ രാജ്യങ്ങൾക്കും തങ്ങളുടേതായ ചില മാറ്റങ്ങൾ വരുത്താൻ അനുവാദമുണ്ടായിരുന്നു. ഈ അവസരം ഉപയോഗിച്ചാണ് ഡച്ച് സർക്കാർ ഏറ്റവും കർശനമായ വ്യവസ്‌ഥകൾ തന്നെ നിയമമാക്കാൻ തീരുമാനിച്ചത്. മുൻപ് അഭയാർത്ഥികളുടെ അപേക്ഷകളിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ്, ഇമിഗ്രേഷൻ വിഭാഗം അത് അപേക്ഷകരെ മുൻകൂട്ടി അറിയിക്കുന്ന ഒരു രീതി ഉണ്ടായിരുന്നു. ഇത് വഴി തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അഭയാർഥികൾക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ പുതിയ പരിഷ്കാരത്തോടെ ഈ ആനുകൂല്യം പൂർണ്ണമായും നിർത്തലാക്കി.
അഭയാർത്ഥി അപേക്ഷ നിരസിക്കപ്പെട്ടാൽ അതിനെതിരെ കോടതിയെ സമീപിക്കാനും അപ്പീൽ നൽകാനുമുള്ള സമയം നാലാഴ്ചയിൽ നിന്നും രണ്ടാഴ്ചയായി കുറച്ചതാണ് മറ്റൊരു പ്രധാന മാറ്റം. ഡച്ച് സർക്കാരിൻ് ഈ നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകളും അഭിഭാഷകരും രംഗത്തെത്തിയിട്ടുണ്ട്. അപ്പീൽ നൽകാനുള്ള സമയം പകുതിയായി കുറച്ചത് നീതി നിഷേധമാണെന്ന് ഡച്ച് ബാർ അസോസിയേഷൻ കുറ്റപ്പെടുത്തി. പുതിയ നിയമങ്ങൾ വരുന്നതോടെ കോടതികളുടെയും ഇമിഗ്രേഷൻ വകുപ്പിന്റെയും ജോലിഭാരം ഇരട്ടിയാകുമെന്ന് ഡച്ച് കൗൺസിൽ ഓഫ് സ്റ്റേറ്റും മുന്നറിയിപ്പ് നൽകുന്നുണ്ട്.
കഴിഞ്ഞ മാസം രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിച്ച അടിയന്തിര അഭയാർത്ഥി നിയമം സെനറ്റിൽ പരാജയപ്പെട്ടിരുന്നു. ഇത് ഡച്ച് രാഷ്ട്രീയത്തിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്ന സാഹചര്യത്തിലാണ്, പരാജയപ്പെട്ട നിയമത്തിലെ പ്രധാനപ്പെട്ട ആറ് നിർദ്ദേശങ്ങൾ ഇപ്പോൾ പുതിയ കുടിയേറ്റ കരാറിന്റെ ഒപ്പം സർക്കാർ പാസാക്കിയെടുത്തിരിക്കുന്നത്. ബാക്കിയുള്ള രണ്ട് വിവാദ വ്യവസ്‌ഥകൾ കൂടി അടുത്ത ചൊവ്വാഴ്‌ച പാർലമെന്റിന്റെ അധോസഭയായ 'ട്വീഡെ കാമറിൽ' വോട്ടെടുപ്പിന് വെക്കാൻ ഒരുങ്ങുകയാണ് ഡച്ച് സർക്കാർ.