രണ്ടുമാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. കുട്ടികളെ വരവേല്‍ക്കാനായി വിപുലമായ ഒരുക്കങ്ങളാണ് സ്‌കൂളുകളില്‍ നടത്തിയത്. ഒന്നാം ക്ലാസിലേക്ക് മൂന്ന് ലക്ഷത്തോളം കുഞ്ഞുങ്ങള്‍ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങുകള്‍ പട്ടം ജിഎസ്എസ് സ്‌കൂളില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍, ഗതാഗതമന്ത്രി സി പി ജോണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമേ എല്ലാ ജില്ലകളിലും ജില്ലാതലത്തിലും പ്രാദേശിക സ്‌കൂള്‍തലത്തിലും വിപുലമായ പ്രവേശന പരിപാടികളാണ് നടന്നത്. കുട്ടികളില്‍ സൈബര്‍ സുരക്ഷ സംബന്ധിച്ച ബോധവല്‍ക്കരണം ലക്ഷ്യമിട്ട് കേരള പൊലീസ് സൈബര്‍ ഡോം നടപ്പാക്കുന്ന കിഡ് ഗ്ലൗ പദ്ധതിയുടെ ഭാഗമായി എല്ലാ പ്രവേശനോത്സവ ചടങ്ങുകളിലും വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് സൈബര്‍ സുരക്ഷാ പ്രതിജ്ഞയെടുത്തു. അതേസമയം പഠനസമയം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ കലണ്ടര്‍ തയ്യാറാക്കിയിട്ടുണ്ട്. എല്‍പി സ്‌കൂളുകളില്‍ 800 മണിക്കൂറാണ് അധ്യയന സമയം. യു പിയില്‍ 1000 മണിക്കൂറും ഹൈസ്‌ക്കൂളില്‍ 1200 മണിക്കൂറുമായിരിക്കും അധ്യയന സമയം. എല്‍പി സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തിദിനമുണ്ടാകില്ല. എന്നാല്‍ യുപിയില്‍ മൂന്ന് ശനിയാഴ്ചയും ഹൈസ്‌ക്കൂളില്‍ ഏഴ് ശനിയാഴ്ചയും പ്രവര്‍ത്തിദിനമുണ്ടാകും.
Local
വേനലവധി കഴിഞ്ഞു, കുരുന്നുകൾ സ്കൂളുകളിലേക്ക്
Author:
ന്യൂസ് ഡെസ്ക്
ന്യൂസ് ഡെസ്ക്
Published on:
1 Jun 2026, 5:45 pm
Updated on:
1 Jun 2026, 5:45 pm
Follow Us:
YouTube