ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖമനേയിയുമായി കൂടിക്കാഴ്‌ചയ്ക്ക് ട്രംപ് താൽപര്യം പ്രകടിപ്പിചച്ചതിനു പിന്നാലെ പ്രതികരണവുമായി ഖമനേയിയുടെ സൈനിക ഉപദേഷ്ടാവായ മുഹ്‌സിൻ റേസായി . കൂടിക്കാഴ്‌ച സാധ്യമല്ലെന്നും സമാധാന ചർച്ചകൾ ട്രംപ് സ്തംഭിപ്പിച്ചുവെന്നും ആരോപിച്ച റെസായി, ഉപരോധം നീക്കിയില്ലെങ്കിൽ സംഘർഷം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു .
ജൂൺ 3 ന് ട്രംപ് ഖമേനിയെ കാണാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു, പരമോന്നത നേതാവിന്റെ പ്രിയപ്പെട്ട വ്യക്തിയായിരിക്കില്ലെങ്കിലും, അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചാൽ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്നും ട്രംപ് പറഞ്ഞിരുന്നു. "എനിക്ക് കാണാൻ താൽപ്പര്യമില്ല, പക്ഷേ ഞാൻ കണ്ടുമുട്ടിയാൽ, അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. നമ്മൾ ഒരു കരാർ ഉണ്ടാക്കുമോ എന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ നമ്മൾ ഒരു കരാർ ഉണ്ടാക്കുകയാണെങ്കിൽ, ഞാൻ അദ്ദേഹത്തെ കാണാൻ സാധ്യതയുണ്ട്. എനിക്ക് അതിൽ സന്തോഷമുണ്ട്" എന്നായിരുന്നു ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത് .
ഇറാന്റെ വിശ്വാസം നേടാൻ ട്രംപ് വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ലെന്നും അതുകൊണ്ടാണ് ചർച്ചകൾ പ്രതിസന്ധിയിലായതെന്നും റെസായി വിദേശമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ പ്രതിസന്ധി മറികടക്കാൻ, ഇറാൻ്റെ മരവിപ്പിച്ച 24 ബില്യൺ ഡോളർ വിലമതിക്കുന്ന ആസ്‌തികൾ യു.എസ് വിട്ടുകൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കക്കാർക്ക് നിസ്സാരമെന്ന് അദ്ദേഹം വിശേഷിപ്പിച്ച തുകയാണിത്. പക്ഷേ ഇറാന് പ്രധാനപ്പെട്ടതാണ് ഈ തുക. സൗഹാർദ്ദത്തിന്റെയും വിശ്വാസ്യത നേടിയെടുക്കുന്നതിൻ്റെയും അടയാളമായി ഹുർമുസ് കടലിടുക്കിലെ നാവിക ഉപരോധം യുഎസ് അവസാനിപ്പിക്കണമെന്നും റെസായി ആവർത്തിച്ചു.