അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രാഥമിക സമാധാന കരാറില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള വെടിനിര്‍ത്തല്‍ നീട്ടുന്നതിനും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുമുള്ള 60 ദിവസത്തെ കരാറിലാണ് ധാരണയായത്.
ഇറാന്റെ ഉന്നതനേതൃത്വം ഈ നിര്‍ദേശത്തിന് ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്തിമ അനുമതിക്കായി കാത്തിരിപ്പ് തുടരുകയാണ്. ബുധനാഴ്ച ചര്‍ച്ചകളുടെ പുരോഗതിയില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ തനിക്ക് കൂടുതല്‍ സമയം വേണമെന്ന് അദ്ദേഹം മധ്യസ്ഥരെ അറിയിച്ചതായും സൂചനയുണ്ട്. ഹോര്‍മുസിലെ ഉപരോധങ്ങള്‍ നീക്കണമെന്ന ഇറാന്റെ നിര്‍ദേശത്തില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് ട്രംപ് മുന്‍പ് പ്രതികരിച്ചിരുന്നു.
ഹോര്‍മുസ് കടലിടുക്കിലെ സമാധാനം പുനഃസ്ഥാപിക്കുകയെന്നതാണ് കരാറിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പുതിയ നിര്‍ദേശപ്രകാരം, ഹോര്‍മുസിലൂടെയുള്ള സുരക്ഷിത കപ്പല്‍ ഗതാഗതം ഇറാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 30 ദിവസത്തിനുള്ളില്‍ കടലിലെ മൈനുകള്‍ നീക്കം ചെയ്യുമെന്നും വാണിജ്യ കപ്പലുകളെ തടയില്ലെന്നും ഇറാന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. കപ്പലുകളില്‍നിന്ന് യാതൊരുവിധ ടോളും ഈടാക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇതിന് പകരമായി മേഖലയിലെ നാവിക ഉപരോധം അമേരിക്ക ഘട്ടംഘട്ടമായി ലഘൂകരിക്കും.
ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്ന ഇറാന്റെ ഉറപ്പും കരാറിന്റെ ഭാഗമാണ്. 60 ദിവസത്തെ ചര്‍ച്ചാവേളയില്‍ യുറേനിയം സമ്പുഷ്ടീകരണം, ഇറാന്റെ മരവിപ്പിച്ച ഫണ്ടുകള്‍ വിട്ടുനല്‍കല്‍, മാനുഷിക സഹായം എന്നിവ ചര്‍ച്ചാവിഷയമാകും. അതേസമയം, ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്നത് താല്‍ക്കാലിക ക്രമീകരണത്തിനുള്ള നിര്‍ദേശങ്ങള്‍ മാത്രമാണെന്നും അന്തിമ സമാധാന കരാറല്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.