Loading time...
Global

ഇന്ത്യയുടെ നയതന്ത്ര വിജയം ; തടവിലായിരുന്ന പത്ത് ഇന്ത്യൻ നാവികരെ ഇറാൻ മോചിപ്പിച്ചു .

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 27 May 2026, 4:50 pm
Updated on: 27 May 2026, 6:32 pm
Share:
Follow Us: YouTube
Feature Image

മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും കഠിനമായ നയതന്ത്ര ശ്രമങ്ങൾക്കും ശേശേഷം 2025 ജൂലൈ മുതൽ തടവിലായിരുന്ന പത്ത് ഇന്ത്യൻ നാവികരെ ഇറാൻ മോചിപ്പിച്ചു . ഇറാനിലെ തന്ത്രപ്രധാനമായ ജാസ്ക് തുറമുഖത്തിന് സമീപം വച്ച് ഇറാൻ്റെ സുരക്ഷാ സേന കസ്‌റ്റഡിയിലെടുത്ത എംവി ഹാർബർ ഫീനിക്‌സ് എന്ന എണ്ണക്കപ്പലിലെ ജീവനക്കാരെയാണ് മോചിപ്പിച്ചത്.

പലാവു പതാകയുമായി എണ്ണ ടാങ്കറായ എംവി ഹാർബർ ഫീനിക്സ് 2025 ജൂലൈയിലാണ് ഇറാൻ്റെ തീരസേനയുടെ പിടിയിലാകുന്നത്. ഗൾഫ് മേഖലയിലൂടെ അനധികൃതമായി ഇന്ധനം കടത്തുന്നു എന്ന ആരോപണമാണ് കപ്പലിന് മേൽ ചുമത്തപ്പെട്ടിരുന്നത്. കപ്പൽ പിടിച്ചെടുത്തതിനെ തുടർന്ന് നാവികരെ കസ്‌റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്‌റ്റ് രേഖപ്പെടുത്തി തടവിലാക്കുകയുമായിരുന്നു.

നാവികരുടെ മോചനം സ്‌ഥിരീകരിച്ചുകൊണ്ട് ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ഔദ്യോഗിക പ്രസ്‌താവന പുറത്തിറക്കി. 'നാവികരെ ഇപ്പോൾ മോചിപ്പിക്കുകയും സുരക്ഷിതമായി ഒന്നിച്ച് ചേർക്കുകയും ചെയ്തിട്ടുണ്ട്. അവരെ എത്രയും വേഗം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വിവിധ ഏജൻസികളുമായി ഏകോപിപ്പിച്ചു വരികയാണ്'. അറസ്‌റ്റിൻ്റെ കൃത്യമായ നിയമപരമായ കാരണങ്ങളോ കപ്പലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ സുരക്ഷാ മുൻനിർത്തി അധികൃതർ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

ഈ പ്രതിസന്ധി ഘട്ടത്തിലുടനീളം ഇന്ത്യ സ്വീകരിച്ചത് നിശബ്ദ നയതന്ത്ര'മായിരുന്നു. പൊതുവേദികളിലെ പ്രകോപനപരമായ പ്രസ്താവനകളോ പരസ്യമായ ഏറ്റുമുട്ടലുകളോ പൂർണമായി ഒഴിവാക്കി, വിവേകപൂർണമായ നയതന്ത്രത്തിലൂടെയാണ് ഇന്ത്യ ഇറാനുമായി ചർച്ചകൾ നടത്തിയത്. പൊതുജന ശ്രദ്ധയും മാധ്യമ കോലാഹലങ്ങളും കുറഞ്ഞ അളവിൽ നിലനിർത്തിയത് ചർച്ചകൾ സുഗമമാക്കാൻ സഹായിച്ചു.

ടെഹ്റാനുമായി ഇന്ത്യയ്ക്ക് ദീർഘകാലത്തെ ഊർജ-വ്യാപാര ബന്ധങ്ങളുണ്ട്. എന്നാൽ അതേസമയം തന്നെ അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തവും ഇന്ത്യയ്ക്ക് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഇതെല്ലാം നിലനിൽക്കെയാണ് ഇന്ത്യ പൗരന്മാരുടെ സുരക്ഷിതമായ മോചനം ഉറപ്പാക്കിയത്.

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനുശേഷം ഗൾഫ് മേഖലയിലെ സമുദ്രപാതകൾ കടുത്ത യുദ്ധഭീതിയിലാണ്. ലോകത്തിലെ ആകെ എണ്ണ, ദ്രവീകൃത പ്രകൃതിവാതകം കയറ്റുമതിയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ ഇറാൻ ഇപ്പോഴും തുടരുകയാണ്.

ഈ തടസ്സങ്ങൾ ഇന്ത്യൻ സമ്പദ്വ്യവസ്‌ഥയ്ക്ക് ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്ത രാജ്യമായ ഇന്ത്യ, തങ്ങൾക്ക് ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ പകുതിയോളവും ഇറക്കുമതി ചെയ്യുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. കടലിടുക്കിലെ നേരിയ ചലനങ്ങൾ പോലും രാജ്യത്തെ ഇന്ധനവിലയെ ബാധിക്കുന്നുണ്ട് .

കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ വ്യാപാര നാവികസേനകളിൽ ഒന്നാണ് ഇന്ത്യയുടേത്. ഗൾഫ് മേഖലയിലെ തന്ത്രപ്രധാനമായ കപ്പൽപ്പാതകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ നാവികരുടെ സുരക്ഷയും ഈ യുദ്ധസമാനമായ അന്തരീക്ഷത്തിൽ ചോദ്യചിഹ്‌നമായി തുടരുന്നു.