Loading time...
Local

ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ മഞ്ഞുപാളികൾ ; നിർണായക കണ്ടെത്തലുമായി ഐ.എസ്.ആർ.ഒ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 27 May 2026, 7:20 pm
Updated on: 28 May 2026, 4:50 pm
Share:
Follow Us: YouTube
Feature Image

മനുഷ്യന്റെ ചാന്ദ്ര കോളനിവത്കരണത്തിന് പ്രതീക്ഷ നൽകുന്ന സുപ്രധാന കണ്ടെത്തൽ നടത്തി ഇന്ത്യയുടെ ഐ എസ് ആർ ഒ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഉപരിതലത്തിന് താഴെ മഞ്ഞുപാളികൾ ഉണ്ടെന്നതിന് ശക്തമായ തെളിവുകൾ ലഭിച്ചതായി ഐ.എസ്.ആർ.ഒയുടെ വെളിപ്പെടുത്തൽ.

അഹമദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ചന്ദ്രയാൻ-2 ദൗത്യത്തിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് നിർണായക കണ്ടെത്തൽ നടത്തിയത്. ചന്ദ്രയാൻ-2 ഭ്രമണപഥത്തിലെ 'ഡ്യുവൽ ഫ്രീക്വൻസി സിന്തറ്റിക് അപ്പർച്ചർ റഡാർ'(ഡി.എഫ്.എസ്.എ.ആർ) എന്ന അത്യാധുനിക ഉപകരണത്തിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് കണ്ടെത്തൽ. ചന്ദ്രന്റെ ഉപരിതലത്തിന് താഴെയുള്ള വസ്തുക്കളെക്കുറിച്ച് പഠിക്കാൻ ശേഷിയുള്ള മൈക്രോവേവ് ഇമേജിംഗ് ഉപകരണമാണിത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള കടുത്ത തണുപ്പുള്ള ഗർത്തങ്ങളിലാണ് മഞ്ഞുപാളികളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിൽ 'ഫോസ്റ്റിനി' എന്ന വലിയ ഗർത്തത്തിനുള്ളിലെ 1.1 കിലോമീറ്റർ വീതിയുള്ള ചെറിയ ഗർത്തത്തിൽ മഞ്ഞിന്റെ സാന്നിധ്യം വളരെ വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്നാണ് ഐ.എസ്.ആർ.ഒ കണ്ടെത്തൽ. ഈ ഗർത്തത്തിൽ 'ലോബേറ്റ്-റിം മോർഫോളജി' എന്നറിയപ്പെടുന്ന ഒരു പ്രത്യേക ആകൃതിയിലുള്ള ഘടന കാണപ്പെടുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. ഉൽക്ക പതിച്ചപ്പോൾ ഉപരിതലത്തിന് താഴെയുള്ള മഞ്ഞുകലർന്ന പാളിയിലേക്ക് ആഘാതം ഏൽക്കുകയും, അതുവഴി മഞ്ഞ് പുറത്തേക്ക് വന്നുവെന്ന് തോന്നിപ്പിക്കുന്ന പാറ്റേൺ അവിടെ രൂപപ്പെടുകയും ചെയ്തിട്ടുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

ചന്ദ്രനെ എൽ-ബാൻഡ്, എസ്-ബാൻഡ് എന്നീ രണ്ട് ആവൃത്തികളിൽ പഠിക്കാൻ കഴിയുന്ന ആദ്യത്തെ പൂർണ്ണ പോളാരിമെട്രിക് സിന്തറ്റിക് അപ്പർച്ചർ റഡാർ ആണ് ചന്ദ്രയാൻ-2-ലെ ഡി.എഫ്.എസ്.എ.ആർ. 2019-ൽ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയതുമുതൽ, ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളെക്കുറിച്ചും ഉപരിതല ഘടനയെക്കുറിച്ചും ആയിരക്കണക്കിന് വിവരങ്ങളാണ് ഈ ഉപകരണം നൽകിക്കൊണ്ടിരിക്കുന്നത്. ചന്ദ്രനിൽ ജീവ സാന്നിധ്യം ഉറപ്പാക്കാൻ ഈ കണ്ടെത്തൽ ഏറെ സഹായകമാകുമെന്ന് ഗവേഷകർ പറയുന്നു. ചന്ദ്രനിൽ ജലാംശമുണ്ടെന്നതിന് മുൻപും പല തെളിവുകളും ലഭിച്ചിട്ടുണ്ടെങ്കിലും, ഉപരിതലത്തിന് താഴെ മഞ്ഞുപാളികൾ ഉണ്ടെന്ന് വ്യക്തമായ കണ്ടെത്തൽ വരുംകാല ചാന്ദ്ര ദൗത്യങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.