Loading time...
Business

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഹബ്ബായി ഹോങ്കോങ്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 27 May 2026, 6:36 pm
Updated on: 27 May 2026, 6:36 pm
Share:
Follow Us: YouTube
Feature Image

യൂറോപ്യൻ രാജ്യമായ സ്വിറ്റ്‌സർലൻഡിനെ

മറികടന്ന് ആഗോള സമ്പന്നർ തങ്ങളുടെ വിദേശ നിക്ഷേപങ്ങൾ സൂക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഹബ്ബായി ഹോങ്കോങ് മാറി. പാരമ്പര്യമായി ഈ രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന യൂറോപ്യൻ രാജ്യമായ സ്വിറ്റ്‌സർലൻഡിനെ ചരിത്രത്തിലാദ്യമായാണ് ഹോങ്കോങ് മറികടന്നത്. ചൈനയിൽ നിന്നുള്ള വൻതോതിലുള്ള വിദേശ നിക്ഷേപങ്ങളും 2025ലുണ്ടായ ഐ.പി.ഒ മുന്നേറ്റവുമാണ് ഹോങ്കോങ്ങിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്.

 പ്രമുഖ ആഗോള കൺസൾട്ടിങ് സ്ഥാപനമായ ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് പുറത്തുവിട്ട 2026ലെ ഗ്ലോബൽ വെൽത്ത് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

 

 റിപ്പോർട്ട് പ്രകാരം ഹോങ്കോങ്ങിലെ ഓഫ്‌ഷോർ നിക്ഷേപം 2.95 ലക്ഷം കോടി ഡോളറായി ഉയർന്നപ്പോൾ സ്വിറ്റ്‌സർലൻഡിലേത് 2.94 ലക്ഷം കോടി ഡോളറാണ്. ഏഷ്യൻ രാജ്യങ്ങളിലെ ഇത്തരം സാമ്പത്തിക ഹബ്ബുകൾ യൂറോപ്പിനേക്കാൾ വേഗത്തിൽ വളരുന്നതിനാൽ ഹോങ്കോങ്ങിന്റെ ഈ ഒന്നാം സ്ഥാനം ഇനി തിരിച്ചുപിടിക്കുക സ്വിറ്റ്‌സർലൻഡിന് എളുപ്പമാകില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

 

 

ആഗോള വിപണികളിലേക്ക് ചൈനക്കുള്ള പ്രധാന കവാടമായി ഹോങ്കോങ് മാറിക്കഴിഞ്ഞു. എന്നാൽ, ചൈനയിലെ സാമ്പത്തിക-നിയമപരമായ മാറ്റങ്ങൾ ഹോങ്കോങ്ങിന്റെ വളർച്ചയെയും നേരിട്ട് ബാധിക്കുമെന്ന വെല്ലുവിളിയുമുണ്ട്. ഹോങ്കോങ്ങും സിംഗപ്പൂരും 2030 വരെ പ്രതിവർഷം 9 ശതമാനം തോതിൽ വളരുമെന്നാണ് പ്രവചനം. അതേസമയം, ഇതേ കാലയളവിൽ സ്വിറ്റ്‌സർലൻഡിന്റെ ശരാശരി വളർച്ചാ നിരക്ക് 6 ശതമാനമായിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

 

കഴിഞ്ഞ വർഷം ആഗോളതലത്തിൽ ഓഫ്‌ഷോർ നിക്ഷേപങ്ങൾ 8.4 ശതമാനം വർധിച്ച് 15.7 ലക്ഷം കോടി ഡോളറിലെത്തിയിരുന്നു. വിപണിയിലെ കരുത്തും നിക്ഷേപങ്ങൾ പല രാജ്യങ്ങളിലായി വികേന്ദ്രീകരിക്കാനുള്ള സമ്പന്നരുടെ താല്പര്യവുമാണ് ഇതിന് കാരണം. വളർച്ചാ നിരക്കിൽ ഏഷ്യൻ ഹബ്ബുകളേക്കാൾ പിന്നിലാണെങ്കിലും, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള നിക്ഷേപകരെ ആകർഷിക്കാൻ കഴിയുന്നു എന്നത് സ്വിറ്റ്‌സർലൻഡിന്റെ വലിയൊരു നേട്ടമാണ്. ഏഷ്യൻ ഹബ്ബുകൾ പ്രധാനമായും ചൈനയെ ആശ്രയിക്കുമ്പോൾ, സ്വിറ്റ്‌സർലൻഡിന് കൂടുതൽ വൈവിധ്യമാർന്ന നിക്ഷേപകരാണുള്ളത്.

 

 

നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സംഘർഷങ്ങളും കാരണം പശ്ചിമേഷ്യ പോലുള്ള അസ്ഥിര പ്രദേശങ്ങളിൽ നിന്നുള്ള നിക്ഷേപകർ സുരക്ഷിത താവളമെന്ന നിലയിൽ ഇപ്പോഴും സ്വിറ്റ്‌സർലൻഡിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളെ തുടർന്ന് സമ്പന്നർ തങ്ങളുടെ ആസ്തികൾ സ്വിറ്റ്‌സർലൻഡിലേക്ക് മാറ്റാൻ താല്പര്യപ്പെടുന്നതായി ബാങ്കർമാരും സാമ്പത്തിക ഉപദേശകരും വ്യക്തമാക്കുന്നുണ്ട്.

 

നിലവിൽ ലോകത്ത് രണ്ട് പ്രധാന സമ്പന്ന ഹബ്ബുകളാണ് രൂപപ്പെടുന്നത്. ഏഷ്യൻ മേഖലക്കായി സിംഗപ്പൂരും ഹോങ്കോങ്ങും, പാശ്ചാത്യ മേഖലക്കായി സ്വിറ്റ്‌സർലൻഡ്, യു.കെ, യു.എസ് എന്നിവയും. നിക്ഷേപകരുമായുള്ള സമ്പർക്കം പ്രധാനമായതിനാൽ യു.ബി.എസ് പോലുള്ള പ്രമുഖ സ്വിസ് ബാങ്കുകൾ സിംഗപ്പൂരിലും ഹോങ്കോങ്ങിലും തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ഈ രണ്ട് ഏഷ്യൻ ഹബ്ബുകളിലും വെൽത്ത് മാനേജ്‌മെന്റിൽ ഒന്നാം സ്ഥാനത്ത് യു.ബി.എസ് ബാങ്കാണ്.