Loading time...
Local

ഇ ഡി റെയിഡുമായി ബന്ധപ്പെട്ടുണ്ടായ സംഘര്ഷത്തില് സംഘത്തെ ആക്രമിച്ച പ്രതികളെ അറസ്‌റ്റ് ചെയ്യാതെ മടങ്ങില്ലെന്ന് പോലീസ് , വിട്ടുതരില്ലയെന്ന് പാർട്ടി ; അവസാനം മുട്ടുമടക്കി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 27 May 2026, 5:10 pm
Updated on: 27 May 2026, 6:32 pm
Share:
Follow Us: YouTube
Feature Image

ഇ ഡി റെയിഡുമായി ബന്ധപ്പെട്ടുണ്ടായ സംഘര്ഷത്തില് സംഘത്തെ ആക്രമിച്ച പ്രതികളെ അറസ്‌റ്റ് ചെയ്യാതെ മടങ്ങില്ലെന്ന് ഐപിഎസ് ഉദ്യോഗസ്ഥരും , പാർട്ടി ഓഫിസിൽ കയറി അറസ്‌റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് സിപിഎമ്മും നിലപാട് കടുപ്പിച്ചതോടെ പാളയം ഏരിയ കമ്മിറ്റി ഓഫിസിനു മുന്നിൽ മണിക്കൂറുകളോളം നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറി . ഒടുവിൽ പൊലീസിൻ്റെ വാശിക്കു മുന്നിൽ പാർട്ടി നേതാക്കൾ വഴങ്ങി പാർട്ടി ഓഫിസിൽനിന്നു പ്രതികളെ ഇറക്കി അറസ്റ്റിനു വഴിയൊരുക്കുകയായിരുന്നു . പൊലീസും പാർട്ടിയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ ഭാഗമായാണ് പ്രധാനപ്പെട്ട ഏഴു പേരെ അറസ്‌റ്റ് ചെയ്തത്. ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്ത്, നിതിൻ രാജ്, മനോജ്, ഷമിൻ അടക്കമുള്ളവരാണ് അറസ്‌റ്റിലായത്‌. മറ്റുള്ളവരുടെ പേര് ലഭ്യമായിട്ടില്ല.

ഉച്ചയ്ക്കു പിണറായി വിജയൻ്റെ വീടിനു മുന്നിൽനിന്ന് ഇ.ഡി. ഉദ്യോഗസ്ഥർ പുറത്തിറങ്ങുമ്പോൾ പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്ന് നേതാക്കൾ പൊലീസിന് ഉറപ്പു കൊടുത്തിരുന്നു. എന്നാൽ ആ ധാരണ ലംഘിച്ച് ഇ.ഡി. സംഘത്തെ ആക്രമിച്ചത് പൊലീസിനു വലിയ നാണക്കേടായി. സംഭവം ദേശീയതലത്തിൽ തന്നെ ചർച്ചയായതോടെ പ്രതികളെ എത്രയും പെട്ടെന്നു പിടികൂടാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. പ്രതികൾ പാളയം ഏരിയ കമ്മിറ്റി ഓഫിസിൽ കയറിയിട്ടുണ്ടെന്നു വിവരം ലഭിച്ചതിൻ്റെ അടിസ്‌ഥാനത്തിൽ യുവ ഐപിഎസ് ഉദ്യോഗസ്‌ഥൻമാരായ ഡിസിപി തപോഷ് ബസുമതാരി, ഡിസിപി ദീപക് ധനകർ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പാർട്ടി ഓഫിസിനു മുന്നിലെത്തി.

അതോടെ പാർട്ടി ഓഫിസിൽ പൊലീസ് കയറാൻ അനുവദിക്കില്ലെന്ന നിലപാടുമായി മുൻമന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ സിപിഎം നേതാക്കളും പ്രവർത്തകരും ഓഫിസിനു മുന്നിൽ നിലകൊണ്ടു. പ്രതികളെ കിട്ടാതെ മടങ്ങില്ലെന്ന നിലപാടിൽ ഐപിഎസ് ഉദ്യോഗസ്ഥർ ഉറച്ചുനിന്നതോടെ പാർട്ടി കുഴങ്ങി. ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവു വേണമെന്ന് നേതാക്കൾ പറഞ്ഞതിനു പിന്നാലെ പൊലീസ് ദൃശ്യങ്ങളും ഹാജരാക്കി. അതോടെ പൊലീസ് പിരിഞ്ഞു പോകണമെന്നും പ്രതികളെ ഹാജരാക്കാമെന്നും നേതാക്കൾ പറഞ്ഞു. ഇത് അംഗീകരിക്കാൻ ഉദ്യോഗസ്ഥർ തയാറായില്ല.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച്. വെങ്കടേഷും രംഗത്തെത്തി. പ്രതികളെ എത്രയും പെട്ടെന്ന് കൈമാറണമെന്ന് വെങ്കടേഷ് ആവശ്യപ്പെട്ടു. ഇതിനിടെ മൂന്നു നാലു പേർ പാർട്ടി ഓഫിസിൽനിന്നു പുറത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ പ്രതികളെ അറസ്‌റ്റ് ചെയ്തുവെന്ന് അറിയിച്ച് എച്ച്. വെങ്കടേഷ് മടങ്ങി. പ്രതികളെ കിട്ടിയാൽ പിന്നെ പാർട്ടി ഓഫിസിൽ കയറേണ്ട കാര്യമില്ലെന്നും എച്ച്.വെങ്കടേഷ് പറഞ്ഞു.