യുദ്ധഭൂമിയിൽ തിരിച്ചടി ശക്തമാക്കി യുക്രെയ്ൻ. റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റം തടയുന്നതിനൊപ്പം അധിനിവേശത്തിലായിരുന്ന പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സൈന്യം വിവിധ മേഖലകളിൽ ആക്രമണം നടത്തുന്നുവെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. കഴിഞ്ഞ കുറച്ചുകാലത്തിനിടയിലെ ഏറ്റവും ശക്തമായ നിലയിലാണ് ഇപ്പോൾ യുക്രെയ്ൻ സൈന്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കുകിഴക്കൻ ഖാർകീവ് മേഖലയിലെ കുപിയാൻസ്കിന് സമീപം നടത്തിയ ‘ഓപ്പറേഷൻ വെലെസ്’ ആണ് സെലൻസ്കി എടുത്തുപറഞ്ഞത്. ഭൂഗർഭ ഗ്യാസ് പൈപ്പ്ലൈനുകൾ ഉപയോഗിച്ച് റഷ്യൻ സൈന്യത്തിന്റെ പിന്നിലെത്താനുള്ള തന്ത്രമാണ് യുക്രെയ്ൻ സൈന്യം പ്രയോഗിച്ചത്. നേരത്തേ യുക്രെയ്ൻ സൈന്യത്തിനെതിരെ റഷ്യ ഉപയോഗിച്ച അതേ തന്ത്രം തിരിച്ചുപയോഗിച്ചെന്നാണ് സെലൻസ്കിയുടെ വിശദീകരണം.
കിഴക്കൻ യുക്രെയ്നിലും വടക്കൻ മേഖലയിലും മറ്റ് സൈനിക നീക്കങ്ങളും തുടരുകയാണ്. ‘ഓപ്പറേഷൻ വിവാൽഡി’യുടെ ഭാഗമായി റഷ്യൻ സൈനിക നുഴഞ്ഞുകയറ്റം തടയുകയും ഡൊണെറ്റ്സ്ക് മേഖലയിലെ ചില പ്രദേശങ്ങൾ തിരിച്ചുപിടിക്കുകയും ചെയ്തതായി യുക്രെയ്ൻ സൈനിക നേതൃത്വം അറിയിച്ചു. 75 ചതുരശ്ര കിലോമീറ്റർ പ്രദേശത്തുനിന്ന് റഷ്യൻ നുഴഞ്ഞുകയറ്റക്കാരെ നീക്കിയതായും 10 ചതുരശ്ര കിലോമീറ്റർ കൂടി തിരിച്ചുപിടിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഡോൺബാസ് മേഖലയുടെ പൂർണ നിയന്ത്രണം ലക്ഷ്യമിട്ടുള്ള റഷ്യൻ നീക്കങ്ങൾ തുടരുകയാണ്. സെപ്റ്റംബർ ആദ്യം മുതൽ 92 യുക്രെയ്ൻ ജനവാസകേന്ദ്രങ്ങൾ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടെങ്കിലും ഈ വാദങ്ങൾ യുക്രെയ്ൻ സൈന്യം തള്ളിയിട്ടുണ്ട്. യുദ്ധഭൂമിയിലെ അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.