കിഴക്കൻ കോംഗോയിൽ സൈനിക വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ആശങ്ക. വിമാനം തങ്ങൾ വെടിവെച്ചിട്ടതാണെന്നാണ് പ്രദേശത്തെ വിമത സംഘടനയുടെ അവകാശവാദം. എന്നാൽ വിമാനം തകർന്നതിന്റെ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
കോംഗോ സൈന്യത്തിന്റെ വിവരമനുസരിച്ച്, ഞായറാഴ്ച മോശം കാലാവസ്ഥയ്ക്കിടെയാണ് സെസ്ന 208 വിഭാഗത്തിലുള്ള ചെറിയ ചരക്ക് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. വിമാനത്തിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങളും ലഭ്യമായിട്ടില്ല. അതേസമയം, സൗത്ത് കിവു പ്രവിശ്യയിലെ മിനെംബ്വെയിൽ ബോംബാക്രമണം നടത്താൻ എത്തിയ വിമാനമാണ് തങ്ങൾ തകർത്തതെന്ന് ഫ്രണ്ട് ഫോർ ദ റീഫൗണ്ടേഷൻ ഓഫ് ദ നേഷൻ എന്ന വിമത സംഘടന അവകാശപ്പെട്ടു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ മിനെംബ്വെയിൽ നിന്ന് ഏകദേശം പത്ത് കിലോമീറ്റർ അകലെയുണ്ടെന്നും സംഘടന പറയുന്നു.
സംഭവത്തിൽ ഉഗാണ്ടൻ സൈന്യത്തിന് പങ്കില്ലെന്ന് ഉഗാണ്ട വ്യക്തമാക്കി. തകർന്ന വിമാനവുമായി തങ്ങളുടെ സൈന്യത്തിന് ബന്ധമില്ലെന്നും ബന്ധപ്പെട്ട കമ്പനിക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ഉഗാണ്ടൻ സൈനിക മേധാവി ജനറൽ മുഹൂസി കൈനേരുഗബ അറിയിച്ചു. വിമാനം എവിടെയാണ് തകർന്നതെന്നും അതിലുണ്ടായിരുന്നവർക്ക് എന്ത് സംഭവിച്ചുവെന്നുമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരാനുണ്ട്.