ശബരിമല തീർത്ഥാടനത്തിനെത്തുന്നവർ പമ്പാനദിയിൽ വസ്ത്രങ്ങളും മാലിന്യങ്ങളും ഉപേക്ഷിക്കുന്നത് തടയാൻ കർശന നടപടികളുമായി അധികൃതർ. നദി മലിനമാക്കുന്നവരിൽ നിന്ന് 5,000 രൂപ വരെ തൽക്ഷണ പിഴ ഈടാക്കാനുള്ള അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിന് കേരള ഹൈക്കോടതി അംഗീകാരം നൽകി. മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് പമ്പയിലെ മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് നടപടി.
തീർത്ഥാടകർ നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിനെതിരെ ബോധവൽക്കരണം നടത്തുന്നുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പരിശോധനയിൽ മാലിന്യ സംസ്കരണ സംവിധാനങ്ങളിലും മലിനജല ശുദ്ധീകരണത്തിലും നിരവധി പോരായ്മകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അടിയന്തരമായി പരിഹാരം കാണണമെന്ന് കോടതി നിർദേശിച്ചു.
പമ്പയിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളിലെ ടാങ്കുകൾ വൃത്തിയാക്കാനും നാല് ശുദ്ധീകരണ യൂണിറ്റുകളും പൂർണ ശേഷിയിൽ പ്രവർത്തിപ്പിക്കാനും ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പമ്പുകളും മറ്റ് ഉപകരണങ്ങളും അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണം. മാലിന്യ സംസ്കരണ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. പമ്പാനദിയുടെ ശുചിത്വം ഉറപ്പാക്കാൻ പരിശോധനകളും തുടരും.