Loading time...
Local

മലയാളികൾക്കെതിരെ അധിക്ഷേപ പരാമർശം; വിവാദത്തിൽ ബിജെപി മുൻ എംപി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 25 Nov 2026, 1:06 pm
Updated on: 25 Nov 2026, 1:06 pm
Share:
Follow Us: YouTube
Feature Image

കർണാടകയിൽ മലയാളികൾക്കെതിരെ വിവാദ പരാമർശവുമായി ബിജെപി നേതാവും മൈസൂരു മുൻ എംപിയുമായ പ്രതാപ് സിംഹ. മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുകയാണെന്നും ഗുണ്ടൽപേട്ടിന്റെ പകുതിയും മലയാളികൾ കയ്യേറിയെന്നുമാണ് അദ്ദേഹം ആരോപിച്ചത്. കുടകിൽ നടന്ന ഹോക്കി ചാമ്പ്യൻഷിപ്പ് ഉദ്ഘാടന ചടങ്ങിലായിരുന്നു കേരളത്തെയും മലയാളികളെയും ലക്ഷ്യമിട്ടുള്ള പരാമർശങ്ങൾ.

 

കർണാടകയിൽ മലയാളികളുടെ ഇടപെടലുകൾ അതിരുകടക്കുകയാണെന്നും കുടകിൽ അവരുടെ തോന്ന്യവാസമാണ് നടക്കുന്നതെന്നും പ്രതാപ് സിംഹ പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിൽ തെങ്ങും കായലുമല്ലാതെ മറ്റൊന്നുമില്ലെന്നും മലയാളികൾക്ക് ബുദ്ധിയുണ്ടെന്ന് പറയുമെങ്കിലും സ്വന്തം നാട്ടിന് പുറത്തേക്ക് എത്തിയാൽ അത് കാണാനില്ലെന്നും അദ്ദേഹം പരിഹസിച്ചു. പരാമർശങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

 

അതേസമയം, തന്റെ പ്രസംഗം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയാണെന്ന് ആരോപിച്ച് പ്രതാപ് സിംഹ സമൂഹമാധ്യമങ്ങളിലൂടെ വിശദീകരണവുമായി രംഗത്തെത്തി. മലയാളികളെ മൊത്തമായി ഉദ്ദേശിച്ചല്ലെന്നും ഹിന്ദു സംസ്കാരത്തിന് എതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മോഷ്ടാക്കളെയും സാമൂഹിക വിരുദ്ധരെയുമാണ് പരാമർശിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ ഒരു സംസ്ഥാനത്തെ ജനങ്ങളെ മുഴുവൻ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്.