Loading time...
Local

ഇന്ത്യയുടെ വീസ നിയമങ്ങളിൽ വൻ മാറ്റം; ടൂറിസ്റ്റ് വീസയ്ക്ക് പകരം വിസിറ്റർ വീസ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 25 Nov 2026, 1:19 pm
Updated on: 25 Nov 2026, 1:19 pm
Share:
Follow Us: YouTube
Feature Image

ഇന്ത്യയിലേക്ക് വിദേശികളുടെ വരവ് കൂടുതൽ എളുപ്പമാക്കാൻ വീസ നിയമങ്ങളിൽ വലിയ മാറ്റങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ടൂറിസ്റ്റ് വീസയ്ക്ക് പകരം വിസിറ്റർ വീസ ഉൾപ്പെടെ പുതിയ വിഭാഗങ്ങൾ കൊണ്ടുവരാനാണ് തീരുമാനം. വീസ അപേക്ഷയിലെ നടപടികൾ ലളിതമാക്കുകയും അപേക്ഷാ ഫോമുകളിലെ ചോദ്യങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതാണ് പരിഷ്കാരത്തിന്റെ പ്രധാന ലക്ഷ്യം. 2026 അവസാനത്തോടെ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

 

പുതിയ സംവിധാനത്തിൽ നിലവിലുള്ള 13 പ്രധാന വീസ വിഭാഗങ്ങൾ ഒൻപതായും 49 ഉപവിഭാഗങ്ങൾ 23 ആയും ചുരുക്കും. അപേക്ഷാ ഫോമുകളിലെ കോളങ്ങൾ 70 ശതമാനം വരെ കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ വീസയ്ക്ക് അപേക്ഷിക്കുന്നവർക്ക് കൂടുതൽ എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാനാകും.

 

ടൂറിസ്റ്റ് വീസയ്ക്ക് പകരം എത്തുന്ന വിസിറ്റർ വീസയിൽ രണ്ട് വിഭാഗങ്ങളുണ്ടാകും. 30 ദിവസത്തേക്ക് അനുവദിക്കുന്ന V-1 വീസയും, പത്ത് വർഷം വരെ കാലാവധിയുള്ള V-2 വീസയും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്കും വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യൻ വംശജർക്കും പുതിയ സംവിധാനം കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷ.

 

ഇന്ത്യൻ വംശജർക്കായി മിസലേനിയസ് വീസ വിഭാഗവും കൊണ്ടുവരുന്നുണ്ട്. OCI കാർഡ് ഇല്ലാത്ത ഇന്ത്യൻ വംശജർക്കും അവരുടെ പങ്കാളിക്കും മക്കൾക്കും ഈ വീസ ലഭിക്കും. ഇന്ത്യയിൽ വീടോ ഭൂമിയോ സ്വന്തമായുള്ള വിദേശികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്നവർക്ക് മെഡിക്കൽ വീസയും, ആയുർവേദം ഉൾപ്പെടെയുള്ള ആയുഷ് ചികിത്സകൾക്കായി പ്രത്യേക വീസയും അനുവദിക്കും. ചികിത്സയ്ക്കൊപ്പം എത്തുന്ന സഹായികൾക്കും പ്രത്യേക വീസയുണ്ടാകും.

 

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്റ്റുഡന്റ് വീസ വിഭാഗങ്ങളും ബിസിനസ് ആവശ്യങ്ങൾക്കായി പ്രത്യേക വീസകളും പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 172 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ-വീസ വഴി പൂർണമായും ഓൺലൈനിൽ അപേക്ഷിക്കാനും സാധിക്കും. പുതിയ പരിഷ്കാരം നടപ്പാകുന്നതോടെ ഇന്ത്യയിലേക്കുള്ള യാത്രാ നടപടികൾ കൂടുതൽ ലളിതമാകുമെന്നാണ് പ്രതീക്ഷ.