Loading time...
Global

ഒറ്റ സാങ്കേതിക തകരാർ, താളംതെറ്റിയത് അമേരിക്കയുടെ വ്യോമഗതാഗതം; മണിക്കൂറുകളോളം വിമാന സർവീസുകൾ നിലച്ചു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 14 Nov 2026, 6:34 am
Updated on: 14 Nov 2026, 6:34 am
Share:
Follow Us: YouTube
Feature Image

അമേരിക്കയിൽ അപ്രതീക്ഷിതമായി വിമാന സർവീസുകൾ നിർത്തിവച്ചതോടെ പ്രതിസന്ധിയിലായത് ആയിരക്കണക്കിന് യാത്രക്കാർ. പതിനായിരത്തിലധികം വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. ഏകദേശം നാല് മണിക്കൂറോളം നീണ്ട നിയന്ത്രണത്തിന് പിന്നാലെയാണ് സർവീസുകൾ പുനരാരംഭിച്ചത്. രാജ്യത്തെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.

 

കാലപ്പഴക്കമുള്ള എയർ ട്രാഫിക് കൺട്രോൾ ആശയവിനിമയ സംവിധാനം തെറ്റായ വിവരങ്ങൾ കൈമാറാൻ തുടങ്ങിയതോടെയാണ് വിമാന സർവീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2001ലെ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ശേഷം അമേരിക്കയിൽനിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും നിർത്തിവയ്ക്കുന്ന രണ്ടാമത്തെ സംഭവമാണിത്.

 

സ്വിച്ചുകളിലും റൂട്ടറുകളിലും അമിതമായി ഡേറ്റ നിറഞ്ഞതോടെ സംവിധാനത്തിൽ പരസ്പരവിരുദ്ധമായ വിവരങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയെന്നും ഇതേത്തുടർന്ന് പ്രവർത്തനം തടസ്സപ്പെട്ടെന്നും ഡഫി വിശദീകരിച്ചു. ആശയവിനിമയത്തിനും റഡാർ ബന്ധത്തിനും പ്രശ്നങ്ങളുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അതേസമയം, സംഭവത്തിന് പിന്നിൽ ഭീകരാക്രമണമോ അമേരിക്കയ്ക്കെതിരായ മറ്റേതെങ്കിലും ഭീഷണിയോ ഉള്ളതായി സൂചനയില്ലെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ വ്യക്തമാക്കി. എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

 

2023 ജനുവരിയിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) പ്രധാന കംപ്യൂട്ടർ സംവിധാനത്തിലുണ്ടായ തകരാറിന് ശേഷം രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവയ്ക്കേണ്ടി വന്ന ആദ്യ സംഭവമാണിത്.

 

അമേരിക്കയിലെ വിമാനത്താവളങ്ങളിലെയും എയർ ട്രാഫിക് കൺട്രോൾ സംവിധാനങ്ങളിലെയും കാലപ്പഴക്കം സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് പുതിയ പ്രതിസന്ധി ഉണ്ടായത്. സംവിധാനങ്ങൾ നവീകരിക്കുന്നതിനായി 30.1 ബില്യൺ ഡോളറിന്റെ സഹായമാണ് വൈറ്റ് ഹൗസും ഗതാഗത വകുപ്പും കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതിൽ 10.1 ബില്യൺ ഡോളർ എയർ ട്രാഫിക് കൺട്രോൾ സംവിധാനങ്ങളുടെ നവീകരണത്തിനാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .