അമേരിക്കയുമായുള്ള സംഘർഷം വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമോ? ഇറാനിൽ നിന്നുള്ള ഏറ്റവും പുതിയ നീക്കങ്ങളാണ് ഇപ്പോൾ ഈ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നത്. രാജ്യത്തെ ആണവനിലയങ്ങൾക്ക് സമീപം താമസിക്കുന്നവർക്ക് അയഡിൻ ഗുളികകൾ വിതരണം ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. അമേരിക്കയുടെ ഭാഗത്തുനിന്ന് വീണ്ടും സൈനിക ആക്രമണമുണ്ടായേക്കുമെന്ന വിലയിരുത്തലിലാണ് ഇറാൻ ഇത്തരമൊരു മുൻകരുതൽ സ്വീകരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
'ദ ടൈംസ് ഓഫ് ലണ്ടൻ' പുറത്തുവിട്ട റിപ്പോർട്ട് ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആണവനിലയങ്ങളുടെ രണ്ട് മുതൽ മൂന്ന് കിലോമീറ്റർ വരെ ചുറ്റളവിൽ താമസിക്കുന്നവർക്കാണ് ഗുളികകൾ നൽകുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആണവ വികിരണം ഉണ്ടായാൽ തൈറോയ്ഡ് ഗ്രന്ഥിയിലേക്കുള്ള റേഡിയോ ആക്ടീവ് അയഡിന്റെ ആഗിരണം തടയാൻ സഹായിക്കുന്നതാണ് ഈ ഗുളികകൾ. എന്നാൽ എല്ലാത്തരം വികിരണങ്ങളിൽ നിന്നും ഇവ സംരക്ഷണം നൽകില്ല.
അതിനിടെ, ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കുന്ന കാര്യം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ദേശീയ സുരക്ഷാ സംഘവുമായി ട്രംപ് ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഇറാനെതിരായ തുടർനടപടികളിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്. ഇതോടെ മേഖലയിൽ വീണ്ടും സംഘർഷം ശക്തമാകുമെന്ന ആശങ്ക വർധിച്ചിരിക്കുകയാണ്.
അതേസമയം, അയഡിൻ ഗുളികകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഇറാൻ ആരോഗ്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്. മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും 'ദ ടൈംസിനോട്' ഇത്തരമൊരു പ്രതികരണം നടത്തിയിട്ടില്ലെന്നും പുറത്തുവന്ന ഉദ്ധരണി തെറ്റാണെന്നും മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു.
അമേരിക്കയുടെ അടുത്ത നീക്കം എന്തായിരിക്കും എന്നതിലാണ് ഇനി ലോകത്തിന്റെ ശ്രദ്ധ. ഇറാൻ-അമേരിക്ക സംഘർഷം വീണ്ടും രൂക്ഷമായാൽ അത് പശ്ചിമേഷ്യയുടെ സുരക്ഷയെയും മേഖലയിലെ മറ്റ് രാജ്യങ്ങളെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.