റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് റഷ്യൻ ഡീസൽ കയറ്റുമതിക്കുള്ള ഉപരോധം നീക്കാൻ ട്രംപ് തീരുമാനിച്ചത്. ആഗോള വിപണിയിൽ ഡീസൽ ലഭ്യത വർധിപ്പിച്ച് ഇന്ധനവില നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കയുടെ വിശദീകരണം. റഷ്യയും ഡീസൽ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങളിൽ ഭാഗിക ഇളവ് പ്രഖ്യാപിച്ചു.
എന്നാൽ, അമേരിക്കയുടെ തീരുമാനം റഷ്യയ്ക്ക് യുദ്ധം തുടരാൻ സാമ്പത്തിക സഹായമാകുമെന്നാണ് സെലൻസ്കിയുടെ വിമർശനം. റഷ്യൻ ആക്രമണങ്ങളിൽ യുക്രെയ്നിലെ സപൊറീഷ്യ നഗരത്തിൽ 20 പേർ കൊല്ലപ്പെട്ട സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. മരിച്ചവരിൽ മൂന്ന് കുട്ടികളുമുണ്ട്.
റഷ്യൻ എണ്ണശുദ്ധീകരണശാലകൾക്ക് നേരെയുള്ള ആക്രമണം നിർത്തണമെന്ന് താൻ നേരത്തെ ആവശ്യപ്പെട്ടിട്ടും സെലൻസ്കി അത് പാലിച്ചില്ലെന്നാണ് ട്രംപിന്റെ ആരോപണം. യുക്രെയ്ന് പുതിയ പ്രസിഡന്റ് വേണമെന്നും സമാധാന കരാറിലെത്താൻ കഴിയുന്ന നേതാവാണ് വേണ്ടതെന്നും ട്രംപ് പറഞ്ഞു.
അതേസമയം, റഷ്യയുടെ മേലുള്ള സമ്മർദം കുറയ്ക്കുന്നതിന് പകരം വർധിപ്പിക്കണമെന്നാണ് യുക്രെയ്ന്റെയും യൂറോപ്യൻ സഖ്യകക്ഷികളുടെയും നിലപാട്. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .