മിസൈൽ നിർമാണത്തിന് ഉപയോഗിക്കുന്ന 405 ടൺ സോഡിയം പെർക്ലോറേറ്റും ലക്ഷക്കണക്കിന് വ്യാജ 4ജി സിം കാർഡുകളും കണ്ടെത്തിയതിനെത്തുടർന്ന് ചൈനയിൽനിന്ന് ബംഗ്ലാദേശിലേക്ക് പോയ ചരക്കുകപ്പൽ ഇന്തൊനീഷ്യൻ നാവികസേന പിടിച്ചെടുത്തു.
കൊമോറോസ് പതാകയുമായി യാത്ര ചെയ്തിരുന്ന 'എം.വി സ്റ്റാർ ലൈൻസ്' എന്ന കപ്പലാണ് വടക്കൻ സുമാത്രയിലെ ബെലവാൻ തീരത്തിന് സമീപം ഇന്തൊനീഷ്യൻ സമുദ്രാതിർത്തിയിൽ തടഞ്ഞത്. ചൈനയിലെ ലിയാൻയുങ്കാങ് തുറമുഖത്തുനിന്ന് ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തേക്കായിരുന്നു കപ്പലിന്റെ യാത്ര. കപ്പലിന്റെ സഞ്ചാരപാതയിലെ സംശയകരമായ നീക്കങ്ങളും നാവികസേനയുടെ റേഡിയോ സന്ദേശങ്ങളോട് പ്രതികരിക്കാത്തതുമാണ് പരിശോധനയിലേക്ക് നയിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് 15 കണ്ടെയ്‌നറുകളിലായി സൂക്ഷിച്ചിരുന്ന 405 ടൺ സോഡിയം പെർക്ലോറേറ്റ് കണ്ടെത്തിയത്. റോക്കറ്റുകളുടെയും മിസൈലുകളുടെയും പ്രൊപ്പല്ലന്റ് നിർമാണത്തിൽ ഉപയോഗിക്കുന്ന പ്രധാന രാസവസ്തുവാണിത്. പിടിച്ചെടുത്ത രാസവസ്തുക്കൾ ഉപയോഗിച്ച് ഏകദേശം 100 മിസൈലുകൾ നിർമിക്കാനാകുമെന്ന് ഇന്തൊനീഷ്യൻ നാവികസേനയിലെ റിയർ അഡ്മിറൽ ഡെനി സെപ്റ്റിയൻ വ്യക്തമാക്കി. 54 പാലറ്റുകളിലായി ദശലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്യാത്ത സിം കാർഡുകളും കപ്പലിൽനിന്ന് കണ്ടെത്തി.
കപ്പലിന്റെ രജിസ്ട്രേഷൻ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നതായും യാത്രാരേഖകളുടെ കാലാവധി കഴിഞ്ഞിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ബംഗ്ലാദേശിൽ ഈ ചരക്ക് ഏറ്റുവാങ്ങേണ്ട വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ വിവരങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത്രയും വലിയ അളവിൽ മിസൈൽ നിർമാണത്തിന് ഉപയോഗിക്കാവുന്ന രാസവസ്തുക്കൾ ബംഗ്ലാദേശിലേക്ക് കൊണ്ടുപോയതിന്റെ പിന്നിലെ ലക്ഷ്യം എന്താണെന്നതിലാണ് ഇപ്പോൾ സുരക്ഷാ ഏജൻസികളുടെ അന്വേഷണം. കപ്പലിലെ ചരക്കുകളുടെയും അവയുടെ യഥാർഥ ലക്ഷ്യസ്ഥാനത്തിന്റെയും വിശദാംശങ്ങൾ പുറത്തുവരാനുണ്ട്.