നീറ്റ് പരീക്ഷാ വിവാദങ്ങള്‍ക്ക് പിന്നാലെ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി നല്‍കിയ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് കടന്നിരിക്കുന്നത്. എന്‍ടിഎ ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ സുരക്ഷ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായി ചോദ്യപ്പേപ്പറുകളിലെ പിഴവുകള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ നാലുതലങ്ങളിലുള്ള പരിശോധനാ സംവിധാനം ഏജന്‍സി പുതുതായി ഏര്‍പ്പെടുത്തും. അടുത്ത രണ്ട് മുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 20 മുതല്‍ 25 വരെ പുതിയ ഉദ്യോഗസ്ഥരെ എന്‍ടിഎയിലേക്ക് നിയമിക്കും. ഏജന്‍സിയുടെ ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ മുന്‍ഗണന നല്‍കുമെന്നും കെട്ടിടത്തിന്റെ സുരക്ഷയ്ക്കായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരെ
വിന്യസിക്കുമെന്നും എന്‍ടിഎ ഡയറക്ടര്‍ ജനറല്‍ പ്രഹ്ലാദ് ജോഷിയെ അറിയിച്ചു. അതേസമയം, 2014 മുതല്‍ ജാര്‍ഖണ്ഡില്‍ നടത്തിയ 44 പ്രധാന റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ റദ്ദാക്കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിറക്കി. എട്ട് പ്രത്യേക നോട്ടിഫിക്കേഷനുകളിലൂടെയാണ് ഹേമന്ത് സോറന്‍ സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ പരീക്ഷകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മിഷനും ഔട്ട്‌സോഴ്‌സസ് ഏജന്‍സിയായ ടിഎസ്ആര്‍ ഡേറ്റാ പ്രോസസിങ്ങും നടത്തിയ പരീക്ഷകളാണ് ഇവയില്‍ ഭൂരിഭാഗവും. ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് പ്രഫസര്‍മാര്‍, ഡപ്യൂട്ടി കലക്ടര്‍മാര്‍, ഡെന്റല്‍ ഡോക്ടര്‍മാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, സിവില്‍ ജഡ്ജിമാര്‍, അഡീഷനല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍മാര്‍, ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍മാര്‍ തുടങ്ങിയ തന്ത്രപ്രധാന തസ്തികകളിലേക്കുള്ള പരീക്ഷകളാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിനുപുറമെ സര്‍ക്കാര്‍ പോളിടെക്‌നിക്കുകളിലെ ലക്ചറര്‍മാര്‍, സീനിയര്‍ സയന്റിഫിക് ഉദ്യോഗസ്ഥര്‍, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് തുടങ്ങിയ പദവികളിലേക്കുള്ള പരീക്ഷകളും റദാക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.