Loading time...
Local

മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ തിരുനാൾ കൊടിയേറി;18 ദിവസം നീളുന്ന ആഘോഷം, മയ്യഴിയമ്മയുടെ തിരുസ്വരൂപം പൊതുവണക്കത്തിന്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 6 Oct 2026, 5:30 am
Updated on: 6 Oct 2026, 5:30 am
Share:
Follow Us: YouTube
Feature Image

ആയിരക്കണക്കിന് വിശ്വാസികളുടെ പ്രാർഥനകൾക്കിടെ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിന് കൊടിയേറി. വടക്കൻ മലബാറിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ബസിലിക്കയിൽ നടന്ന ചടങ്ങുകൾക്ക് റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് നേതൃത്വം നൽകി. മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉൾപ്പെടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

 

കൊടിയേറ്റച്ചടങ്ങിനായി ബസിലിക്കയിലും പരിസരത്തും വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ദീർഘനേരം ക്യൂവിൽ കാത്തുനിന്ന വിശ്വാസികൾ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം ദർശിച്ച് പ്രാർഥന നടത്തി.

 

കൊടിയേറ്റത്തിന് പിന്നാലെ അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന തിരുസ്വരൂപം പുറത്തെടുത്ത് പൊതുവണക്കത്തിനായി പ്രത്യേകം ഒരുക്കിയ പീഠത്തിൽ പ്രതിഷ്ഠിച്ചു. കതിനാവെടികളുടെയും മാഹി നഗരസഭയുടെ പ്രത്യേക സൈറണിന്റെയും അകമ്പടിയോടെയാണ് 18 ദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്.

 

ഒക്ടോബർ 14ന് തിരുനാൾ ജാഗരദിനത്തിൽ വൈകിട്ട് ഏഴിന് വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം നടക്കും. ഒക്ടോബർ 15നാണ് പ്രധാന തിരുനാൾ. പുലർച്ചെ ഒന്നുമുതൽ രാവിലെ ആറുവരെ വിശ്വാസികളുടെ നേർച്ചയായ ശയനപ്രദക്ഷിണവും നടക്കും. രാവിലെ 10.30ന് കോഴിക്കോട് അതിരൂപത മെത്രാപ്പൊലീത്ത റവ. ഡോ. വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിക്കും.

 

തിരുനാൾ ദിവസങ്ങളിൽ വിവിധ റീത്തുകളിൽ ദിവ്യബലിയും നൊവേനയും നടക്കും. ഒക്ടോബർ 22ന് ഉച്ചകഴിഞ്ഞ് വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വീണ്ടും അൾത്താരയിലേക്ക് മാറ്റുന്നതോടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .