Loading time...
Local

ഡിബിഎഫ്ഒഒ കരാറുകൾ റദ്ദാക്കിയതിലൂടെ സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക നഷ്ടം എത്ര? നഷ്ടത്തിന് ഉത്തരവാദികൾ ആര്? 

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 6 Nov 2026, 8:50 am
Updated on: 6 Nov 2026, 8:50 am
Share:
Follow Us: YouTube
Feature Image

ഡിബിഎഫ്ഒഒ കരാറുകൾ റദ്ദാക്കിയതിലൂടെ സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക നഷ്ടം എത്രയെന്ന ചോദ്യവുമായി ഡൊമെസ്റ്റിക് ഓൺ ഗ്രിഡ് സോളാർ പവർ പ്രൊസ്യൂമേഴ്സ് ഫോറം കേരള ഘടകം രംഗത്ത്. സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്നാണ് ഫോറത്തിന്റെ ആവശ്യം. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജിയിൽ അസോസിയേഷൻ പ്രസിഡന്റ് എം. അബ്ദുൽ സത്താർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കരാറുകൾ റദ്ദാക്കിയതോടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാനുള്ള അവസരം നഷ്ടമായെന്നും, പകരം ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വന്നത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നും ഫോറം ചൂണ്ടിക്കാട്ടുന്നു.

 

കരാർ പ്രകാരം യൂണിറ്റിന് 3.69 രൂപ മുതൽ 4.69 രൂപ വരെയായിരുന്നു വൈദ്യുതി നിരക്ക്. എന്നാൽ കരാർ റദ്ദാക്കിയതോടെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടി വന്നു. 25 വർഷത്തെ കണക്കെടുപ്പിൽ സംസ്ഥാനത്തിന് ഏകദേശം 5,926.75 കോടി രൂപയുടെ നഷ്ടമുണ്ടാകാമെന്ന ഹൈക്കോടതി വിധിയിലെ കണക്കുകളും സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നുണ്ട്. കൽക്കരി വിഹിതം, കരാറിന് ശേഷമുള്ള ഉൽപ്പാദക കമ്പനികളുടെ വിപണി ഇടപാടുകൾ എന്നിവയും വിശദമായി അന്വേഷിക്കണമെന്നാണ് ആവശ്യം.

 

ഇതിനുപുറമെ, കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനിലെ ടെക്നിക്കൽ അംഗത്തിന്റെ നിയമനത്തിൽ ക്രമക്കേടുകൾ നടന്നതായും ഫോറം ആരോപിക്കുന്നു. മേൽക്കൂര സോളാർ വൈദ്യുതി ഉൽപ്പാദനത്തെ നിരുത്സാഹപ്പെടുത്തുന്ന നടപടികൾ തിരുത്തണമെന്നും വ്യവസായ, എംഎസ്എംഇ മേഖലകളെ ബാധിക്കുന്ന വൈദ്യുതി തടസ്സങ്ങൾ ഒഴിവാക്കാൻ ദീർഘകാല പദ്ധതികൾ തയ്യാറാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

 

കരാർ റദ്ദാക്കിയതിലെ സാമ്പത്തിക നഷ്ടം മുതൽ നിയമനത്തിലെ ക്രമക്കേടുകൾ വരെ പരിശോധിക്കണമെന്നാണ് ഫോറത്തിന്റെ ആവശ്യം. സർക്കാർ തലത്തിലുള്ള സമഗ്ര അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണം ഉൾപ്പെടെയുള്ള നടപടികളും വേണമെന്നാണ് സംഘടനയുടെ നിലപാട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .