Loading time...
Local

വിദേശജോലിക്ക് പോകാൻ ഇത്ര തിടുക്കമെന്ത്? തച്ചങ്കരിയോട് ഹൈക്കോടതിയുടെ ചോദ്യം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 6 Nov 2026, 5:58 am
Updated on: 6 Nov 2026, 5:58 am
Share:
Follow Us: YouTube
Feature Image

വിദേശത്ത് ജോലിക്ക് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഗുരുതര രോഗമാണെന്ന് റിപ്പോർട്ടിൽ പറയുമ്പോൾ ഈ ആരോഗ്യസ്ഥിതിയിൽ എങ്ങനെയാണ് വിദേശത്ത് ജോലിക്ക് പോകുകയെന്നും കോടതി ചോദിച്ചു. കോടതിയോട് കള്ളം പറഞ്ഞാൽ ജാമ്യം തന്നെ റദ്ദാക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി. വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

 

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജിയിൽ കഴിഞ്ഞ ദിവസവും തച്ചങ്കരിക്കെതിരെ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ അസുഖം ചൂണ്ടിക്കാട്ടി ആശുപത്രിയിൽ കഴിഞ്ഞ ഒരാൾക്ക് ഇപ്പോൾ വിദേശത്ത് പോയി ജോലി ചെയ്യാൻ എങ്ങനെ കഴിയുമെന്നായിരുന്നു കോടതിയുടെ ചോദ്യം. ജയിലിൽ പോകേണ്ടിവരുമ്പോൾ അസുഖവും പുറത്തിറങ്ങുമ്പോൾ വിദേശജോലിയും എന്ന നിലപാട് കോടതിക്ക് അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വിമർശിച്ചിരുന്നു.

 

2003 മുതൽ 2007 വരെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ടോമിൻ ജെ തച്ചങ്കരിയെ കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്. നാല് വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയുമായിരുന്നു കഴിഞ്ഞ സെപ്റ്റംബർ 17-ലെ വിധി. എന്നാൽ, അപ്പീൽ തീർപ്പാകുന്നതുവരെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഒക്ടോബർ 15-ന് ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെയാണ് വിദേശത്ത് ജോലിക്ക് പോകാൻ അനുമതി തേടി ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് ഇപ്പോൾ കോടതിയുടെ കടുത്ത നിലപാട്.