മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്. വളർമതി. റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ തെറ്റായ കാര്യങ്ങളാണ് പറഞ്ഞതെന്ന് വളർമതി പറഞ്ഞു. മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയപ്പോൾ സംസാരിച്ചതിൽ ഏറെയും അദ്ദേഹമായിരുന്നുവെന്നും തനിക്ക് രണ്ടുസെക്കൻഡ് മാത്രമാണ് സംസാരിക്കാൻ കഴിഞ്ഞതെന്നും വളർമതി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി എട്ടുതവണ ഉദ്യോഗാർഥികളെ കണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെയും വളർമതി ചോദ്യം ചെയ്തു. ആരെയാണ് എട്ടുതവണ കണ്ടതെന്ന് വ്യക്തമാക്കണമെന്നും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാൻ പി.എസ്.സിക്ക് ശുപാർശ നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖ പുറത്തുവിടണമെന്നും വളർമതി ആവശ്യപ്പെട്ടു. വിഷയം പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട ചർച്ചകളുടെ രേഖകളും പുറത്തുവിടണമെന്നും ആവശ്യം ഉന്നയിച്ചു.
പ്രതിപക്ഷത്തായിരുന്നപ്പോൾ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നും ഇപ്പോൾ അധികാരത്തിലെത്തിയപ്പോൾ ഉദ്യോഗാർഥികളുടെ പ്രശ്നങ്ങളോടുള്ള സമീപനം മാറിയെന്നും വളർമതി കുറ്റപ്പെടുത്തി. നാല് ജില്ലകളിൽ ഒന്നാം റാങ്ക് നേടിയവർക്ക് പോലും ഇതുവരെ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇത് സംവിധാനത്തിന്റെ പ്രശ്നമാണെന്നും കുറ്റപ്പെടുത്തി.
അതേസമയം, സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ ഗുരുതരമായ സാഹചര്യമുണ്ടാക്കുമെന്ന മുന്നറിയിപ്പും വളർമതി നൽകി. മരണം വരെ നിരാഹാര സമരം തുടരുമെന്നും മുൻപ് വാഗ്ദാനങ്ങൾ നൽകി സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇനി അതിന് വഴങ്ങില്ലെന്നും വളർമതി വ്യക്തമാക്കി.