Loading time...
Global

സൗദി ആകാശവും ഇനി സുരക്ഷിതമല്ലെന്ന് ഹൂതികൾ; യാത്രാവിമാനങ്ങൾക്ക് ആക്രമണ മുന്നറിയിപ്പ്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 6 Oct 2026, 4:55 am
Updated on: 6 Oct 2026, 4:55 am
Share:
Follow Us: YouTube
Feature Image

സൗദി അറേബ്യയുടെ വ്യോമാതിർത്തിയിലൂടെ സർവീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനികൾക്ക് കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതി വിമതർ. സൗദിയുടെ നേതൃത്വത്തിൽ യെമനിൽ ഹൂതികൾക്കെതിരെ സൈനിക നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് യാത്രാവിമാനങ്ങൾക്കും ഭീഷണി ഉയർന്നത്. സൗദിയുടെ ആകാശപരിധി സുരക്ഷിതമല്ലെന്നും വിമാന സർവീസുകൾ തുടരുന്നതിന്റെ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കില്ലെന്നും ഹൂതികളുമായി ബന്ധപ്പെട്ട കേന്ദ്രം മുന്നറിയിപ്പ് നൽകി.

 

അതേസമയം, ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള സൗദി പിന്തുണയുള്ള യെമൻ സേനയുടെ സൈനിക നീക്കം ശക്തമായി തുടരുകയാണ്. ശക്തമായ പോരാട്ടത്തിനൊടുവിൽ തന്ത്രപ്രധാനമായ തുറമുഖ നഗരമായ മോക്ക തിരിച്ചുപിടിച്ചതായി സൗദി സഖ്യസേന അറിയിച്ചു. ഏകദേശം ഒരു മാസം മുമ്പാണ് ഹൂതികൾ മോക്കയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നത്. മോക്കയുടെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ബാബുൽ മൻദിബ് കടലിടുക്കിലേക്കുള്ള ഹൂതികളുടെ സ്വാധീനത്തിലും തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

 

2014 മുതൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനാ തിരിച്ചുപിടിക്കാനുള്ള നീക്കവും തുടരുകയാണ്. യെമൻ സേനയ്ക്ക് പിന്തുണയായി സൗദി ഏകദേശം 100 യുദ്ധവിമാനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹൂതി കേന്ദ്രങ്ങൾക്കെതിരെ വ്യാപകമായ വ്യോമാക്രമണങ്ങളും നടക്കുന്നുണ്ട്.

‘ഡോൺ ഓഫ് യെമൻ’ എന്ന പേരിലാണ് സൈനിക നടപടി നടത്തുന്നത്. ബാബുൽ മൻദിബിന് സമീപമുള്ള ദുബാബ് ജില്ല തിരിച്ചുപിടിക്കാനുള്ള ശ്രമവും പുരോഗമിക്കുന്നു. ഹൂതികളുടെ സൈനിക കേന്ദ്രങ്ങൾ, റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ, ആയുധ വിതരണ പാതകൾ, കമാൻഡ് കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടത്തിയതായി യെമൻ ഭരണകൂടം അറിയിച്ചു.

 

ഇതിനിടെ സൗദി വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂതികളും അവകാശപ്പെട്ടിട്ടുണ്ട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .