75 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാർക്ക് ഇമിഗ്രന്റ് വിസ നല്‍കുന്നത് തടഞ്ഞുകൊണ്ടുള്ള ഡോണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി റദ്ദാക്കി. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പുറപ്പെടുവിച്ച നിര്‍ദ്ദേശം ഫെഡറല്‍ ഇമിഗ്രേഷന്‍ നിയമത്തിന് വിരുദ്ധവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയുടെ ഈ നിര്‍ണായക വിധി.
അഭയാര്‍ത്ഥികള്‍ രാജ്യത്തിന് സാമ്പത്തിക ഭാരമാകുമെന്ന കാരണം ചൂണ്ടിക്കാട്ടി മുന്‍പ് പ്രഖ്യാപിച്ച ഇമിഗ്രന്റ് വിസ വിലക്കാണ് കോടതി റദ്ദാക്കിയത്. വ്യക്തിഗത സാഹചര്യങ്ങള്‍ പരിശോധിക്കാതെ രാജ്യം നോക്കി മൊത്തമായി വിസ തടയുന്നത് 1965-ലെ ഇമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി ആക്ടിന്റെ ലംഘനമാണെന്ന് ജഡ്ജി ജാനറ്റ് വര്‍ഗാസ് നിരീക്ഷിച്ചു. വിസ അപേക്ഷകളില്‍ നിയമപ്രകാരമുള്ള പരിശോധനകള്‍ വ്യക്തിഗതമായി വീണ്ടും പുനരാരംഭിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് കോടതി ഉത്തരവിട്ടു.
വിസ നയം റദ്ദാക്കിയ കോടതി വിധി ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. നാഷണാലിറ്റി അടിസ്ഥാനമാക്കിയുള്ള ഈ വിലക്ക് കാരണം തടഞ്ഞുവെച്ചിരുന്ന വിസ അപേക്ഷകള്‍ പുനഃപരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിലും ഈ വിധി വലിയൊരു വിജയമാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളും പ്രതികരിച്ചു.