Loading time...
Latest News

ചൂടിൽ വെന്തുരുകി യുകെ. രാജ്യത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിനു പിന്നാലെ വ്യാപകമായി കാട്ടുതീയും ആരോഗ്യപ്രശ്‌നങ്ങളും.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 14 Aug 2026, 10:42 am
Updated on: 14 Aug 2026, 10:42 am
Share:
Follow Us: YouTube
Feature Image

ചൂടിൽ വെന്തുരുകി യുകെ. രാജ്യത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിനു പിന്നാലെ വ്യാപകമായി കാട്ടുതീയും ആരോഗ്യപ്രശ്‌നങ്ങളും. പടിഞ്ഞാറൻ ലണ്ടനിലെ ക്യൂ ഗാർഡൻസിൽ വ്യാഴാഴ്‌ച താപനില 38.1 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നു. ഇതോടെ യുകെയിലെ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസമായി ഓഗസ്‌റ്റ് 13 മാറി. നിലവിലെ കണക്കനുസരിച്ച് രാജ്യത്തിൻ്റെ ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും ചൂടേറിയ ദിവസവും ഇതാണ്. ക്യൂ ഗാർഡൻസിലെ 38.1 ഡിഗ്രി താപനില ഇപ്പോഴും താത്കാലിക കണക്കാണ്.

 

മെറ്റ് ഓഫീസ് കണക്കനുസരിച്ച് മധ്യ, തെക്കൻ ഇംഗ്ലണ്ടിലെ ഏകദേശം 40 സ്‌ഥലങ്ങളിൽ 36 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ രേഖപ്പെടുത്തി. വോർസെർഷയറിലെ പെർഷോറിൽ 38 ഡിഗ്രിയും സറേയിലെ ചാർൾവുഡിൽ 37.8 ഡിഗ്രിയും രേഖപ്പെടുത്തി. വിസ്‌ലി 37.2 ഡിഗ്രിയിലെത്തി. 2026 ൽ ഇതുവരെ 37 ഡിഗ്രി കടന്ന മൂന്ന് ദിവസങ്ങൾ ഉണ്ടായതും അസാധാരണ റെക്കോർഡാണ്. രാജ്യത്തെ അഞ്ചാമത്തെ പ്രധാന ഉഷ്ണതരംഗമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഈ വേനൽക്കാലം രേഖകൾ ആരംഭിച്ചതിന് ശേഷമുള്ള യുകെയിലെ ഏറ്റവും ചൂടേറിയ വേനൽക്കാലമായി മാറാനുള്ള സാധ്യതയും മെറ്റ് ഓഫീസ് മുന്നോട്ടുവയ്ക്കുന്നു.

 

യുകെയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 40.3 ഡിഗ്രി സെൽഷ്യസ് ആണ്. 2022 ജൂലൈ 19-ന് ലിങ്കൺഷയറിലെ കോണിങ്സ്ബിയിൽ ആയിരുന്നു ഇത് രേഖപ്പെടുത്തിയത്. 2019 ജൂലൈ 25 ന് കേംബ്രിജ് ബൊട്ടാനിക് ഗാർഡനിൽ 38.7 ഡിഗ്രിയും 2003 ഓഗസ്‌റ്റ് 10-ന് കെന്റിലെ ഫേവർഷമിൽ 38.5 ഡിഗ്രിയും രേഖപ്പെടുത്തിയിരുന്നു. 2022 ജൂലൈ 18 ന് നോർത്താംപ്റ്റൺഷയറിലെ പിറ്റ്‌ഫോർഡിൽ 38.2 ഡിഗ്രിയും രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് വ്യാഴാഴ്‌ചത്തെ 38.1 ഡിഗ്രി അഞ്ചാമത്തെ സ്‌ഥാനത്തെത്തുന്നത്.

 

അതിശക്‌തമായ ചൂടിനെ തുടർന്ന് ഇംഗ്ലണ്ടിന്റെ വലിയൊരു ഭാഗത്ത് അംബർ എക്സ്ട്രീം ഹീറ്റ് മുന്നറിയിപ്പ് നിലവിലുണ്ട്. ഈസ്‌റ്റ് മിഡ്‌ലാൻഡ്‌സ്, ഈസ്‌റ്റ് ഓഫ് ഇംഗ്ലണ്ട്, ലണ്ടൻ, സൗത്ത് ഈസ്‌റ്റ്, നോർത്ത് വെസ്‌റ്റ്, സൗത്ത് വെസ്‌റ്റ്. വെസ്‌റ്റ് മിഡ്‌ലാൻഡ്‌സ്, യോർക്ക്ഷയർ ആൻഡ് ഹംബർ മേഖലകളാണ് മുന്നറിയിപ്പിന്റെ പരിധിയിൽ ചൂട് ആരോഗ്യത്തെയും ആരോഗ്യ-സാമൂഹിക പരിചരണ സംവിധാനങ്ങളെയും കാര്യമായി ബാധിക്കാനുള്ള സാധ്യതയാണ് അംബർ മുന്നറിയിപ്പ് നൽകുന്നത്. വെള്ളിയാഴ്‌ചയോടെ താപനിലയിൽ നേരിയ കുറവുണ്ടാകുമെങ്കിലും മിഡ്‌ലാൻഡ്‌സ്‌, ഈസ്‌റ്റ് ആംഗ്ലിയ, തെക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ 30 മുതൽ 34 ഡിഗ്രി വരെ ചൂട് തുടരും. ഞായറാഴ്ച്‌ചയോടെ താപനില ഏകദേശം 26 ഡിഗ്രിയിലേക്ക് താഴുമെന്നാണ് നിലവിലെ പ്രവചനം.

 

കടുത്ത ചൂടിനൊപ്പം രാജ്യത്തിൻ്റെ ജലക്ഷാമവും രൂക്ഷമാകുകയാണ്. ഇംഗ്ലണ്ടിന്റെ മൂന്ന് നാലിലൊന്നിനടുത്ത് പ്രദേശം ഇപ്പോൾ ഔദ്യോഗികമായി വരൾച്ചാ സാഹചര്യത്തിലാണ്. ജൂലൈയിലെ അസാധാരണമായ വരൾച്ചയ്ക്കും ഓഗസ്‌റ്റിലെ കുറഞ്ഞ മഴയ്ക്കും പിന്നാലെയാണ് സ്ഥിതി കൂടുതൽ ഗുരുതരമായത്. ഏകദേശം 4.5 കോടി ആളുകൾ വരൾച്ച ബാധിച്ച പ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഇതിൽ 2.7 കോടി ആളുകൾക്ക് വെള്ള ഉപയോഗ നിയന്ത്രണങ്ങൾ ബാധകമാണ്. നിരവധി മേഖലകളിൽ ഹോസ്പൈപ്പ് നിരോധനവും നിലവിലുണ്ട്.