സൈനിക നീക്കങ്ങളിലും സുരക്ഷാ നിരീക്ഷണത്തിലും നിർമിതബുദ്ധിയുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ യുഎഇയും യുഎസും കൈകോർക്കുന്നു. എഐ, ഡേറ്റ, സൈബർ സുരക്ഷ എന്നീ മേഖലകളിലെ വിദഗ്‌ധരെ ഉൾപ്പെടുത്തി അബുദാബി ആസ്ഥാനമായി സംയുക്ത സൈനിക ടാസ്‌ക് ഫോഴ്‌സ് പ്രവർത്തനം തുടങ്ങി.
യുഎഇയിൽനിന്നും യുഎസിൽനിന്നുമായി ഇരുപതോളം വിദഗ്‌ധരാണ് സംഘത്തിലുള്ളത്. സൈനിക രഹസ്യാന്വേഷണത്തിന് സഹായം നൽകുക, നിർണായക അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുക, മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ നിരീക്ഷിക്കുക എന്നിവയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
അഞ്ചുവർഷം മുൻപ് കടലിൽ ആളില്ലാ കപ്പലുകൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളാണ് ഇപ്പോൾ അബുദാബിയിലെ സ്ഥിരം എഐ സംവിധാനമായി വളർന്നത്. 2021ൽ യുഎസ് നാവികസേന രൂപീകരിച്ച ടാസ്ക് ഫോഴ്‌സ് 59ന്റെ നേതൃത്വത്തിലായിരുന്നു ആളില്ലാ കപ്പലുകളും എഐയും ഉപയോഗിച്ചുള്ള കടൽനിരീക്ഷണ പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചത്.
യുഎഇ തീരത്ത് നടന്ന സംയുക്ത അഭ്യാസത്തിൽ ഇരുരാജ്യങ്ങളുടെയും അഞ്ച് ആളില്ലാ കപ്പലുകൾ ഉപയോഗിച്ചു. ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് സമീപത്തെ കപ്പലുകളുടെ വിവരങ്ങളാണ് ഇവ ശേഖരിച്ചത്. ശേഖരിച്ച വിവരങ്ങൾ എഐ സംവിധാനങ്ങൾ വിശകലനം ചെയ്തു. ഇതിലൂടെ കപ്പലുകളെ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തു. അന്ന് നടന്ന പരീക്ഷണത്തിൽനിന്ന് വ്യത്യസ്തമായാണ് ടാലൺ സിനാപ്സ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
പ്രത്യേക അഭ്യാസത്തിനായി രൂപീകരിച്ച താൽക്കാലിക സംഘമല്ല ടാലൺ സിനാപ്സ്. ഇരുരാജ്യങ്ങളിലെയും വിദഗ്‌ധർ സ്ഥിരമായി ഒരുമിച്ച് പ്രവർത്തിക്കുന്ന സംവിധാനമാണിത്. പ്രതിരോധ സാങ്കേതികവിദ്യയിൽ സംയുക്ത ശേഷി വികസിപ്പിക്കുന്നതിനുള്ള യുഎഇ–യുഎസ് സഹകരണം ശക്തമാകുന്നതിനിടെയാണ് പുതിയ നീക്കം. അതേസമയം, ടാസ്ക് ഫോഴ്‌സ് വികസിപ്പിക്കുന്ന പ്രത്യേക എഐ സംവിധാനങ്ങളെക്കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കടലിലെ ആളില്ലാ കപ്പലുകളിൽ തുടങ്ങിയ പരീക്ഷണം ഇപ്പോൾ സൈനിക തീരുമാനങ്ങളുടെയും സുരക്ഷാ നിരീക്ഷണത്തിന്റെയും പുതിയ ഘട്ടത്തിലേക്കാണ് നീങ്ങുന്നത്. അബുദാബിയാണ് ഈ സംയുക്ത സംവിധാനത്തിന്റെ പ്രവർത്തന കേന്ദ്രമായി മാറുന്നത്.