Loading time...
Global

ഇറാന്റെ മിസൈൽ ആക്രമണം; നിലപാട് കടുപ്പിച്ച് യുഎഇ, ആക്രമിച്ചത് തങ്ങളല്ലെന്ന് ഇറാന്‍റെ വിശദീകരണം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 20 Aug 2026, 4:05 am
Updated on: 20 Aug 2026, 4:05 am
Share:
Follow Us: YouTube
Feature Image

കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിൽ യുഎഇ നിലപാട് കടുപ്പിച്ചതോടെ യുഎഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണവുമായി ഇറാൻ. മിസൈൽ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര - വാണിജ്യ - സാമ്പത്തിക ഇടപാടുകൾ യുഎഇ നിർത്തി. ഹോർമുസിലെ അനിശ്ചിതത്വം നീളുന്നത് കാരണം ക്രൂഡോയിൽ വില ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ചർച്ചകളിൽ തീരുമാനമില്ലാത്ത സ്ഥിതിക്ക്, ഇറാന് മേൽ സാമ്പത്തിക സമ്മർദം കൂട്ടാനും ചർച്ചകൾ നിർത്തി വെക്കാനുമാണ് ഡോണൾഡ് ട്രംപിന്റെ നിർദേശമെന്നാണ് റിപ്പോർട്ടുകൾ.

 

ജൂലൈ പന്ത്രണ്ടിന് ശേഷമുള്ള ആദ്യ ആക്രമണ ശ്രമമാണ് ഇന്നലെ യുഎഇയിലേക്കുണ്ടായത്. നാവിക ഗതാഗത സംവിദാനങ്ങളെ ലക്ഷ്യം വെച്ചെത്തിയ രണ്ട് മിസൈലുകൾ തകർത്തു. ഇറാനുമായി എല്ലാ വ്യാപാര - വാണിജ്യ - സാമ്പത്തിക വിനിമയങ്ങളും നിർത്തിവെച്ചതായി യുഎഇ അറിയിച്ചു. ആക്രമണം തങ്ങൾ നടത്തിയതല്ലെന്ന് ഇറാൻ വിശദീകരിക്കാൻ ശ്രമിക്കുന്നു. ഇസ്രയേൽ നടത്തിയ തെറ്റിദ്ധരിപ്പിക്കൽ ആക്രമണം ആകാമെന്നാണ് വാദം. ഹോർമുസിൽ തീരുമാനം നീളുന്നതാണ് ലോകത്തെ സമ്മർദത്തിലാക്കുന്നത്. ഇന്നലെ യുഎഇക്ക് നേരെ ആക്രമണ ശ്രമം കൂടിയായതോടെ എണ്ണവില കുത്തനെ കൂടി. ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഹോർമുസ് തുറക്കുന്നതിൽ ഇറാന്റെ ഉപാധികൾ അമേരിക്ക അംഗീകരിക്കുന്നത് കാത്തിരിക്കുകയാണ് ഇറാൻ.

 

ഹോർമുസിൽ ഇറാനും ഒമാനും ചേർന്ന് തീരുമാനം എടുത്തിട്ടും പ്രഖ്യാപിക്കാതെ ആഴ്ച്ചകളായി നീട്ടുകയാണ്. ഇറാന് മേൽ ഒരേ സമയം സാമ്പത്തിക സമ്മർദം കൂട്ടാനും സൈനിക നടപടി സാധ്യതകൾ നിലനിർത്താനുമാണ് ശ്രമമെന്ന് റിപ്പോർട്ടുകൾ. സാമ്പത്തിക ഉപരോധത്തിൽ വലഞ്ഞ്, ഗത്യന്തരമില്ലാതെ ഇറാൻ സ്വമേധയാ ചർച്ചകളിലേക്കെത്താനായി, പുതിയ നിർദേശം വരുന്നത് വരെ ചർച്ചകൾക്ക് മുൻകൈയെടുക്കേണ്ടെന്ന് ട്രംപ് നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മേഖലയിൽ ഇനി അമേരിക്കയില്ലാതെ പുതിയ ക്രമമാണ് വരാൻ പോകുന്നതെന്നും അതിൽ പ്രധാന റോൾ ഇറാനായിരിക്കുമെന്നും അവകാശപ്പെടുകയാണ് ഇറാൻ.