അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയ്ക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തങ്ങിയ ഹോട്ടൽ മുറിയുടെ നിലയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇറാന് അറിയാമായിരുന്നുവെന്നും, അദ്ദേഹത്തിൻ്റെ വിമാനത്തെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈൽ ഭീഷണി നിലനിന്നിരുന്നുവെന്നും വ്യക്‌തമാക്കുന്ന രഹസ്യാന്വേഷണ വിവരങ്ങൾ യുഎസ് ചോർത്തിയെടുത്തതായി റിപ്പോർട്ട്. രാജ്യാന്തര മാധ്യമമായ ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ, ബ്രസൽസിൽ നിന്ന് മടങ്ങുമ്പോൾ ഡോണൾഡ് ട്രംപിൻ്റെ യാത്രയ്ക്കായി അമേരിക്കൻ വ്യോമസേന അതീവ രഹസ്യമായ ഒരു സുരക്ഷാ പദ്ധതി നടപ്പിലാക്കി. റഡാറുകളെയും ട്രാക്കിങ് സംവിധാനങ്ങളെയും തെറ്റിധരിപ്പിക്കാൻ ഒരേസമയം എയർ ഫോഴ്‌സ് വണ്ണിൻ്റെ മാതൃകയിലുള്ള രണ്ട് വിമാനങ്ങൾ ഉപയോഗിക്കുകയായിരുന്നു.
നാറ്റോ ഉച്ചകോടിയടക്കം വിദേശ സന്ദർശനത്തിന് ശേഷം തിരികെ യാത്രചെയ്യുമ്പോൾ, സുരക്ഷാ ഏജൻസികളുടെ നിർദേശപ്രകാരം ട്രംപ് ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്ന പുതിയ ബോയിങ് വിമാനത്തിന് പകരം പരമ്പരാഗത എയർഫോഴ്‌സ് വൺ വിമാനത്തിലേക്ക് മാറുകയായിരുന്നു. ഇറാൻ അനുകൂല സംഘടനകളിൽ നിന്നുള്ള ഡ്രോൺ/മിസൈൽ ഭീഷണികളെക്കുറിച്ചുള്ള യുഎസ് ഇന്റലിജൻസ് മുന്നറിയിപ്പുകളെത്തുടർന്ന് സീക്രട്ട് സർവീസും സൈനിക വിഭാഗവുമാണ് ഈ സുരക്ഷാ മാറ്റം നിർദ്ദേശിച്ചത്.
അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, ഇലക്ട്രോണിക് വാർഫെയർ സാങ്കേതികവിദ്യ, ശത്രുക്കളുടെ റഡാറുകളെയും മിസൈലുകളെയും പ്രതിരോധിക്കാനുള്ള അത്യാധുനിക കൗണ്ടർ മെഷേഴ്സ‌് എന്നിവ നിലവിലുള്ള എയർഫോഴ്‌സ് വണ്ണിൽ സജ്‌ജമാണ്. അതിനാൽ ഏത് തരത്തിലുള്ള വ്യോമാക്രമണ ഭീഷണിയും നേരിടാൻ ഈ വിമാനമാണ് ഏറ്റവും സുരക്ഷിതം.
ഇറാൻ ആക്രമിക്കുമെന്ന ഭയം കാരണം പ്രസിഡൻ്റ് വിമാനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും ചില പ്രാദേശിക മാധ്യമങ്ങളിലും വന്ന റിപ്പോർട്ടുകൾ വാർത്തകളെ അതിശയോക്തിപരമായി ചിത്രീകരിച്ചതാണ്. ഇന്റലിജൻസ് മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ സാധാരണ സുരക്ഷാ മുൻകരുതൽ മാത്രമായിരുന്നു അത് എന്നാണ് വൈറ്റ് ഹൗസിന്റെ വാദം.