കുട്ടികളുടെ വ്യക്തിവിവരങ്ങളും സ്വകാര്യതയും നിയമവിരുദ്ധമായി ചോര്‍ത്തിയെന്ന കേസില് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക് 400 മില്യണ്‍ ഡോളര്‍ പിഴയടയ്ക്കാന്‍ ധാരണയായി. യുഎസ് നീതിന്യായ വകുപ്പ് നല്‍കിയ നിയമപോരാട്ടത്തിനൊടുവിലാണ് പാരന്റ് കമ്പനിയായ ബൈറ്റ് ഡാന്‍സ് ഭീമമായ തുക പിഴയായി നല്‍കാന്‍ സമ്മതിച്ചത്.
13 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ മാതാപിതാക്കളുടെ അനുമതിയില്ലാതെ ശേഖരിച്ച് ഫെഡറല്‍ പ്രൈവസി നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി. കരാര്‍ പ്രകാരം 300 മില്യണ്‍ ഡോളര്‍ ഉടന്‍ തന്നെ യുഎസ് സര്‍ക്കാരിന് കൈമാറും. മുന്‍പ് ബൈറ്റ് ഡാന്‍സ് ഏറ്റെടുത്ത മ്യൂസിക്കലി ആപ്പുമായി ബന്ധപ്പെട്ട പഴയ കേസ് പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതോടെ ബാക്കി 100 മില്യണ്‍ ഡോളര്‍ കൂടി അടച്ചുതീര്‍ക്കും.
ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന ടെക് കമ്പനികള്‍ക്കെതിരെ അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിഴത്തുകകളില്‍ ഒന്നാണിത്. കേസ് നിലനില്‍ക്കെ തന്നെ സുരക്ഷാ മാനദണ്ഡങ്ങളിലും ഉടമസ്ഥാവകാശത്തിലും ടിക് ടോക് വരുത്തിയ മാറ്റങ്ങള്‍ കണക്കിലെടുത്താണ് ഒത്തുതീര്‍പ്പിന് വഴിതുറന്നത്. മാതാപിതാക്കളുടെ പൂര്‍ണ്ണ മേല്‍നോട്ടവും ശക്തമായ പ്രായപരിധി പരിശോധനയും ഉറപ്പാക്കുമെന്ന് കമ്പനി കോടതിയില്‍ വ്യക്തമാക്കി.