ശ്രീലങ്കൻ ആഭ്യന്തരയുദ്ധകാലത്ത് കാണാതായ സാധാരണക്കാരുടേതെന്ന് കരുതുന്ന കൂട്ടക്കുഴിമാടം കണ്ടെത്തി. ജാഫ്നയ്ക്ക് സമീപമുള്ള ചെമ്മണിയിൽനിന്നാണ് കുഞ്ഞുങ്ങളുടേയും കുട്ടികളുടേയും ഉൾപ്പെടെ 582 അസ്ഥികൂടങ്ങൾ കണ്ടെടുത്തത്. ശ്രീലങ്കൻ സൈന്യവും എൽ.ടി.ടി.ഇയും തമ്മിൽ നടന്ന ആഭ്യന്തരയുദ്ധത്തിൻ്റെ കാലത്ത് കാണാതായ തമിഴ് വംശജരായ സാധാരണക്കാരുടെ മൃതദേഹാവശിഷ്‌ടങ്ങളാണിതെന്നാണ് നിഗമനം. മൃതദേഹാവശിഷ്‌ടങ്ങൾക്ക് പുറമെ, കുഞ്ഞുങ്ങളുടെ കളിക്കോപ്പുകൾ, പാൽക്കുപ്പികൾ, സ്‌കൂൾ ബാഗുകൾ, ചെരുപ്പുകൾ, വളകൾ എന്നിവയും കുഴിമാടത്തിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഇരുകൈകളും നെഞ്ചോട് ചേർത്ത് വരിഞ്ഞുമുറുക്കി കെട്ടിയ നിലയിലുള്ള ഒരു അസ്ഥികൂടവും ഇവിടെ കണ്ടെത്തി. കഴിഞ്ഞവർഷം ഇതേ സ്ഥലത്തുനിന്ന് 240 അസ്ഥികൂടങ്ങൾ കണ്ടെത്തിയിരുന്നു. ആഭ്യന്തരയുദ്ധകാലത്ത് ശ്രീലങ്കൻ സൈന്യം തമിഴ് വംശജരെ കൂട്ടക്കൊലചെയ്ത‌് കുഴിച്ചുമൂടിയെന്ന ആരോപണം നിലനിൽക്കുന്ന പ്രദേശമാണ് ചെമ്മണി.
1998 മുതൽ ചെമ്മണി പ്രദേശത്ത് കൂട്ടകുഴിമാടങ്ങളുണ്ടെന്ന സംശയം ഉയർന്നിരുന്നു. അക്കാലത്ത് ഒരു സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ടിരുന്ന ഒരു ശ്രീലങ്കൻ സൈനികനാണ് ഈ ക്രൂരത വെളിപ്പെടുത്തിയത്. സൈന്യത്തിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന 300 മുതൽ 400 വരെ തമിഴരെ വധിച്ചശേഷം ചെമ്മണിയിൽ കുഴിച്ചുമൂടിയെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ.
ഇതിനെത്തുടർന്ന് 1999-ൽ ഇവിടെ ഖനനം നടത്താൻ ഉത്തരവിടുകയും 15 അസ്ഥികൂടങ്ങൾ കണ്ടെത്തുകയും ചെയ്‌തു. എന്നാൽ, പിന്നീട് ഫണ്ടിന്റെ അഭാവം പറഞ്ഞ് സർക്കാർ ഈ അന്വേഷണം നിർത്തിവെച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു ശ്‌മശാനത്തിന് സമീപം നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണ് ഇപ്പോഴത്തെ ഖനനത്തിന് വഴിതെളിഞ്ഞത്. ഈ കൂട്ടക്കുഴിമാടങ്ങളിലെ ഖനനത്തിനായി ശ്രീലങ്കൻ സർക്കാർ 62 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
വേലുപ്പിള്ള പ്രഭാകരൻ നയിച്ച എൽ.ടി.ടി.ഇ.യും ശ്രീലങ്കൻ സുരക്ഷാസേനയും തമ്മിൽ 1983-ൽ ആരംഭിച്ച പോരാട്ടത്തിൽ ഒരു ലക്ഷത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. എൽ.ടി.ടി.ഇ.യുടെ പരാജയത്തോടെയാണ് യുദ്ധത്തിന് അന്ത്യമായത്. തമിഴ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആയിരക്കണക്കിന് ആളുകളെയാണ് യുദ്ധത്തിൽ കാണാതായത്.