Loading time...
Sports

ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളി താരങ്ങളായ പാലക്കാട് സ്വദേശി മുഹമ്മദ് അജ്മലിനും കണ്ണൂർ പുളിങ്ങോം സ്വദേശിയായ ട്രീസ ജോളിക്കും അർജുന അവാർഡ്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 18 Aug 2026, 10:11 am
Updated on: 18 Aug 2026, 10:31 am
Share:
Follow Us: YouTube
Feature Image

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങൾ കേന്ദ്ര കായിക മന്ത്രാലയം പ്രഖ്യാപിച്ചു. അർജുന പുരസ്‌കാരത്തിന് മലയാളി താരങ്ങളായ പാലക്കാട് സ്വദേശി വി. മുഹമ്മദ് അജ്‌മലും കണ്ണൂർ പുളിങ്ങോം സ്വദേശിയായ ട്രീസ ജോളിയും അർഹരായി. അത്ലറ്റിക്സ് വിഭാഗത്തിലാണ് മുഹമ്മദ് അജ്‌മലിന് പുരസ്‌കാരം. ബാഡ്മിന്റൻ വിഭാഗത്തിലാണ് ട്രീസ ജോളി അർജുന പുരസ്‌കാരം നേടിയത്.

സുപ്രീം കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ്‌ അരുൺ കുമാർ മിശ്ര അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. പ്രമുഖ കായിക താരങ്ങൾ, കായിക പത്രപ്രവർത്തകർ, സ്പോർട്സ് അഡ്‌മിനിസ്ട്രേറ്റർമാർ എന്നിവരടങ്ങിയ സമിതിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ നാല് വർഷത്തെ മികച്ച പ്രകടനം, നേതൃപാടവം, അച്ചടക്കം എന്നിവ പരിഗണിച്ചാണ് അർജുന പുരസ്‌കാരം നൽകുന്നത്.

അർജുന പുരസ്‌കാരം ലഭിച്ചവരിൽ അത്ലറ്റിക്സ് വിഭാഗത്തിൽ തേജസ്വിൻ ശങ്കർ, മുഹമ്മദ് അജ്‌മൽ വി, പ്രിയങ്ക ഗോസ്വാമി എന്നിവർ ഉൾപ്പെടുന്നു. ബാഡ്മിന്റനിൽ ട്രീസ ജോളിക്കും പുല്ലേല ഗായത്രി ഗോപിചന്ദിനുമാണ് പുരസ്‌കാരം. ചെസ് വിഭാഗത്തിൽ വിദിത് സന്തോഷ് ഗുജറാത്തിയും ദിവ്യ ജിതേന്ദ്ര ദേശ്‌മുഖും അർജുന പുരസ്‌കാരത്തിന് അർഹരായി.

ഹോക്കിയിൽ ലാൽറെംസിയാമിയും രാജ്‌കുമാർ പാലും പുരസ്‌കാരം നേടി. കബഡിയിൽ സുർജീതിനും പൂജയ്ക്കുമാണ് അർജുന പുരസ്‌കാരം. ഷൂട്ടിങ്ങിൽ അഖിൽ ഷിയോറൻ, ധനുഷ് ശ്രീകാന്ത്, രുദ്രാന്ഷ് ഖണ്ഡേൽവാൾ എന്നിവരും പട്ടികയിലുണ്ട്. ഇതിൽ ധനുഷ് ശ്രീകാന്ത് ഡെഫ് ഷൂട്ടിങ് വിഭാഗത്തിലും രുദ്രാന്ഷ് ഖണ്ഡേൽവാൾ പാരാ ഷൂട്ടിങ് വിഭാഗത്തിലുമാണ് പുരസ്‌കാരം നേടിയത്.

മറ്റു വിഭാഗങ്ങളിൽ ബോക്‌സിങ് താരം നരേന്ദർ, പാരാ അത്ലറ്റിക്സിലെ ഏക്‌ത ഭയാൻ, റോവിങിലെ അരവിന്ദ് സിങ് എന്നിവരും അർജുന പുരസ്‌കാരത്തിന് അർഹരായി.

കായിക രംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ച് നൽകുന്ന ലൈഫ് ടൈം അർജുന അവാർഡിന് ഫുട്ബോൾ താരം ഐ. അരുമൈനായകം അർഹനായി.

റെഗുലർ വിഭാഗത്തിൽ അത്ലറ്റിക്സിലെ പർവീർ സിങ്, ബോക്സിങ്ങിലെ ഛോട്ടേ ലാൽ യാദവ്, ഷൂട്ടിങ്ങിലെ നേഹ നന്ദകുമാർ ചവാൻ എന്നിവരും പുരസ്‌കാര പട്ടികയിൽ ഇടം നേടി.

ലൈഫ് ടൈം വിഭാഗത്തിൽ ബോക്സിങ് താരം ധർമേന്ദ്ര സിങ് യാദവും ഗുസ്തി താരം വീരേന്ദർ കുമാറും പുരസ്‌കാരത്തിന് അർഹരായി.

പ്രത്യേക ഓൺലൈൻ പോർട്ടൽ വഴിയാണ് ഇത്തവണ പുരസ്‌കാരങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചത്. കായിക താരങ്ങൾക്കും പരിശീലകർക്കും നേരിട്ട് അപേക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വൻതോതിൽ ലഭിച്ച അപേക്ഷകൾ വിലയിരുത്തിയ ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയതെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി.