വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ പരസ്പര ധാരണയിലൂടെ പരിഹരിക്കാന്‍ സുപ്രീം കോടതി പ്രത്യേക ലോക് അദാലത്ത്‌സമാധാന്‍ സമരോഹ് 2026. സുപ്രീം കോടതിയില്‍ ആരംഭിച്ച പ്രത്യേക ലോക് അദാലത്തിന്റെ ആദ്യദിനത്തില്‍ തന്നെ നാനൂറിലധികം കേസുകള്‍ ഒത്തുതീര്‍പ്പിലാക്കി. സമാധാന്‍ സമരോഹ് 2026 പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച അദാലത്ത് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമാണ് പുരോഗമിക്കുന്നത്.
വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ പരസ്പര ധാരണയിലൂടെ പരിഹരിക്കാനുള്ള ശ്രമമാണിത്. ആഗസ്റ്റ് 21 വെള്ളിയാഴ്ച ആരംഭിച്ച പ്രത്യേക ലോക് അദാലത്ത് ആഗസ്റ്റ് 23 വരെ മൂന്ന് ദിവസങ്ങളിലായാണ് നടക്കുന്നത്. 16 പ്രത്യേക ലോക് അദാലത്ത് ബെഞ്ചുകളിലായി ആദ്യദിനം അറുന്നൂറിലധികം കേസുകളാണ് പരിഗണനയ്ക്കെടുത്തത്. ഇതില്‍ നാനൂറിലധികം കേസുകളില്‍ പൂര്‍ണ്ണമായ ഒത്തുതീര്‍പ്പിലെത്താന്‍ ബെഞ്ചുകള്‍ക്ക് സാധിച്ചു.സുപ്രീം കോടതിയിലെ രണ്ട് വീതം സിറ്റിംഗ് ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡുമാരും ഉള്‍പ്പെടുന്നതാണ് ഓരോ ബെഞ്ചും. കേസ് നടത്തുന്ന കക്ഷികള്‍ക്ക് പരസ്പരം സംസാരിച്ച്, ധാരണയിലെത്താനുള്ള അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ദാമ്പത്യ തര്‍ക്കങ്ങള്‍,വസ്തു തര്‍ക്കങ്ങള്‍, വാഹനാപകട നഷ്ടപരിഹാരം, ഭൂമി ഏറ്റെടുക്കല്‍, നികുതി തര്‍ക്കങ്ങള്‍, സര്‍വീസ്-തൊഴില്‍ തര്‍ക്കങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള കേസുകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.ഏപ്രില്‍ 21 മുതല്‍ ആരംഭിച്ച പ്രീ-സെറ്റില്‍മെന്റ് ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ഈ അദാലത്ത് നടക്കുന്നത്. ദീര്‍ഘകാലമായി തുടരുന്ന കേസ് നടത്തിപ്പിന്റെ ഭാരം കുറയ്ക്കാനും, അനുരഞ്ജനത്തിലൂടെയുള്ള തര്‍ക്കപരിഹാര സംവിധാനം ശക്തമാക്കാനും ഇത്തരം നീക്കങ്ങള്‍ വഴി സാധിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. ആഗസ്റ്റ് 23-ഓടെ സമാധാന്‍ സമരോഹ് നടപടികള്‍ പൂര്‍ത്തിയാകും.