Loading time...
Global

കരിങ്കടലിലെ റുമാനിയയുടെ പ്രകൃതിവാതക ഖനന മേഖലയ്ക്ക് സമീപം കണ്ടെത്തിയ സ്‌ഫോടകവസ്‌തു നിറച്ച സമുദ്ര ഡ്രോൺ റുമാനിയൻ വ്യോമസേനയുടെ എഫ്-16 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 21 Aug 2026, 8:36 am
Updated on: 21 Aug 2026, 8:36 am
Share:
Follow Us: YouTube
Feature Image

കരിങ്കടലിലെ റുമാനിയയുടെ പ്രകൃതിവാതക ഖനന മേഖലയ്ക്ക് സമീപം കണ്ടെത്തിയ സ്‌ഫോടകവസ്‌തു നിറച്ച സമുദ്ര ഡ്രോൺ റുമാനിയൻ വ്യോമസേനയുടെ എഫ്-16 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു. സംഭവത്തിന് പിന്നിൽ റഷ്യയാണെന്ന് റുമാനിയൻ പ്രസിഡന്റ് ദാനും യൂറോപ്യൻ കമ്മിഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്നും ആരോപിച്ചു. യൂറോപ്യൻ യൂണിയനെ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന ഹൈബ്രിഡ് യുദ്ധമുറയുടെ ഭാഗമാണിതെന്ന് ഉർസുല വോൺ ഡെർ ലെയ്ൻ വിമർശിക്കുകയും ചെയ്തു‌. റുമാനിയ 400 കോടി യൂറോ ചെലവഴിച്ചു നിർമിക്കുന്ന നെപ്റ്റ്യൂൺ ഡീപ് പ്രകൃതിവാതക പദ്ധതിയോട് ചേർന്നാണ് വ്യാഴാഴ്‌ച രാവിലെ ഡ്രോൺ കണ്ടത്. അടുത്ത വർഷത്തോടെ വാതക ഉൽപാദനം ആരംഭിച്ച്, ഇന്ധനത്തിനായി റഷ്യയെ ആശ്രയിക്കുന്നത് പൂർണമായി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് റുമാനിയ ഈ സമുദ്ര പ്ലാറ്റ്ഫോം നിർമിക്കുന്നത്.


പ്ലാറ്റ്ഫോമിൽ നിന്ന് വെറും 160 മീറ്റർ മാത്രം അകലെ ഡ്രോൺ കണ്ട ജീവനക്കാർ ഉടൻ തന്നെ കോസ്‌റ്റ് ഗാർഡിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഉന്നതതല കൂടിയാലോചനകൾക്ക് ശേഷം, എഫ്-16 യുദ്ധവിമാനങ്ങൾ അയച്ച് ഡ്രോൺ തകർക്കാൻ റുമാനിയ തീരുമാനിച്ചു. നൂറുകണക്കിന് ജീവനക്കാർ ജോലി ചെയ്യുന്ന പ്ലാറ്റ്ഫോമിനും പദ്ധതിക്കും ഇത് നേരിട്ട് ഭീഷണിയാണെന്ന് വിലയിരുത്തിയായിരുന്നു ഈ നിർണായക നടപടി. വിമാനങ്ങളിൽ നിന്നുള്ള വെടിവയ്‌പിൽ സ്ഫോടകവസ്‌തുക്കൾ നിറഞ്ഞ ഡ്രോൺ കടലിൽ വച്ച് വൻ സ്ഫോടനത്തോടെ തകർന്നു.


കണ്ടെത്തിയ ഡ്രോൺ യുക്രെയ്‌ൻ്റേതല്ലെന്നും മറിച്ച് റഷ്യയുടേതാണെന്നും റുമാനിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. റഷ്യ നടത്തുന്ന ഇത്തരം ഉത്തരവാദിത്തമില്ലാത്ത പ്രകോപനങ്ങൾ വർധിച്ചുവരികയാണെന്ന് റുമാനിയൻ പ്രസിഡൻ്റ് പ്രതികരിച്ചു. യൂറോപ്യൻ യൂണിയന്റെ ഐക്യം തകർക്കാനും പൗരന്മാരിൽ ഭീതി വിതയ്ക്കാനും ലക്ഷ്യമിട്ടാണ് റഷ്യ ബോധപൂർവം ഭീഷണികൾ ഉയർത്തുന്നതെന്ന് യൂറോപ്യൻ കമ്മിഷനും വ്യക്തമാക്കി. 2022-ൽ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിനു ശേഷം റഷ്യൻ വ്യോമ ഡ്രോണുകൾ 29 തവണ റുമാനിയൻ വ്യോമാതിർത്തി ലംഘിച്ചതായി പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതിൽ 15 ലംഘനങ്ങളും ഈ വർഷമാണ് റിപ്പോർട്ട് ചെയ്‌തത്‌. മുൻപ് റുമാനിയൻ തീരത്തിന് സമീപം തകർന്ന സമുദ്ര ഡ്രോൺ യുക്രെയ്ൻ്റേതായിരുന്നുവെങ്കിലും, അത് റഷ്യൻ സേന പിടിച്ചെടുത്ത് ഉപയോഗിച്ചതാണെന്നാണ് യുക്രെയ്ൻ വ്യക്തമാക്കിയത്.