റഷ്യൻ പ്രസിഡൻ്റ് പുട്ടിൻ്റെ കരിങ്കടൽ തീരത്തുള്ള അതീവ സുരക്ഷിതമായ ആഡംബര കൊട്ടാരത്തിന് പ്രതിരോധം തീർത്തിരുന്ന റഷ്യയുടെ അത്യാധുനിക എസ്400 ട്രയംഫ് എയർ ഡിഫൻസ് സിസ്‌റ്റം യുക്രെയ്ൻ ഡ്രോണുകൾ തകർത്തതായി റിപ്പോർട്ട് . പുട്ടിന്റെ ആഢംബര വസതിയിൽനിന്നും നിന്നും വെറും 12 മൈൽ അകലെ സ്ഥിതി ചെയ്തിരുന്ന ലോഞ്ചറാണ് യുക്രെയ്ൻ സേന തകർത്തത്.
റഷ്യയുമായുള്ള പോരാട്ടത്തിൽ യുക്രെയ്‌ന് ഏറ്റവും വലിയ നേട്ടമാകുന്നത് അവരുടെ അത്യാധുനിക ഡ്രോൺ കേപബിലിറ്റിയാണ്. കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്ന ഡ്രോണുകളിൽ എഐ ഉപയോഗിച്ച് റഷ്യയുടെ കൂറ്റൻ സൈനികവ്യൂഹങ്ങളെയും അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെയും പ്രതിരോധത്തിലാക്കാൻ യുക്രെയ് സാധിക്കുന്നുണ്ട്.
ഏകദേശം 13,000 കോടി രൂപ വിലമതിക്കുന്നതും ഇറ്റാലിയൻ വാസ്‌വിദ്യാ ശൈലിയിൽ നിർമ്മിച്ചതുമായ കൂറ്റൻ സാമ്രാജ്യമാണ് 'പുട്ടിൻസ് പാലസ്' എന്ന പേരിൽ അറിയപ്പെടുന്നത്. കസിനോ, വീഞ്ഞ് തോട്ടങ്ങൾ, സ്പാ, ഐസ് റിങ്ക്, തിയേറ്റർ, പൂൾ-ഡാൻസ് റൂം, ഹുക്ക ലോഞ്ച് തുടങ്ങിയ എല്ലാവിധ ആഡംബരങ്ങളും അടങ്ങിയതാണ് ഈ സമുച്ചയം.
കൊട്ടാരത്തിന് ചുറ്റും 27 ചതുരശ്ര മൈൽ വിസ്‌തൃതിയുള്ള ബഫർ സോണും നോ, ഫ്ലൈ സോണും സ്‌ഥാപിച്ചാണ് റഷ്യ സുരക്ഷയൊരുക്കിയിരുന്നത്. എന്നാൽ യുക്രെയ്ൻ ഡ്രോൺ ഭീഷണി കാരണം പുട്ടിൻ ഇപ്പോൾ അപൂർവ്വമായി മാത്രമേ ഇവിടെ സന്ദർശനം നടത്താറുള്ളു.
പോർവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ തടയാൻ രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ് എസ്-400 സംവിധാനം. എന്നാൽ, ഈ സുരക്ഷാ വ്യൂഹത്തെ യുക്രെയ്ൻ നഗരങ്ങളിലേക്ക് മിസൈലുകൾ തൊടുക്കാൻ റഷ്യ ഉപയോഗിച്ചതായി യുക്രെയ്ൻ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ക്രീമിയയിൽ സ്‌ഥിതി ചെയ്തിരുന്ന മറ്റ് രണ്ട് എസ്400 ലോഞ്ചറുകളും ഒറിയോൺ ഡ്രോൺ കൺട്രോൾ ആൻ്റിനയും തങ്ങളുടെ ഡ്രോണുകൾ തകർത്തതായി യുക്രെയ്ൻ സൈനിക ഇന്റലിജൻസ് അവകാശപ്പെട്ടു. ദശലക്ഷക്കണക്കിന് ഡോളറിൻ്റെ നഷ്‌ടമാണ് ഇതിലൂടെ റഷ്യക്ക് ഉണ്ടായിരിക്കുന്നത്.
റഷ്യയ്ക്കുള്ളിലേക്ക് യുക്രെയ്ൻ തങ്ങളുടെ ഡ്രോൺ ആക്രമണങ്ങൾ കടുപ്പിക്കുകയാണ്. തതാർസ്‌ഥാനിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഒറ്റരാത്രികൊണ്ട് 450ലധികം യുക്രെയ്ൻ ഡ്രോണുകളാണ് ആക്രമണം നടത്തിയത്. ഇതിൽ 13 പേർ കൊല്ലപ്പെടുകയും ചെയ്‌തു. ആക്രമണങ്ങൾ കടുപ്പിച്ച് റഷ്യയെ ചർച്ചകൾക്ക് നിർബന്ധിതരാക്കുകയാണ് യുക്രെയ്ന്റെ ലക്ഷ്യം.
ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന റഷ്യൻ ടാങ്കുകളും മിസൈൽ ഡിഫൻസ് സിസ്‌റ്റങ്ങളും തകർക്കാൻ വെറും 5,000 മുതൽ 10,000 ഡോളർ മാത്രം ചെലവുള്ള ഹോർനെറ്റ് പോലുള്ള എഐ ഡ്രോണുകൾക്ക് സാധിക്കുന്നു. ഇത് സാമ്പത്തികമായി യുക്രെയ്ന് വലിയ ലാഭം നൽകുന്നു.
റഷ്യ അതിർത്തികളിൽ ശക്‌തമായ ഇലക്ട്രോണിക് വാർഫെയർ ഉപയോഗിച്ച് റേഡിയോ സന്ദേശങ്ങൾ തടസ്സപ്പെടുത്തുമ്പോൾ, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വയം ലക്ഷ്യസ്‌ഥാനം കണ്ടെത്തി ആക്രമണം നടത്താൻ ഡ്രോണുകൾക്ക് സാധിക്കുന്നു. ഇതിനാൽ മനുഷ്യന്റെ നിയന്ത്രണമില്ലാതെ തന്നെ ലക്ഷ്യസ്‌ഥാനത്ത് കൃത്യമായി പതിക്കാൻ ഇവയ്ക്കാവുന്നു.
യുക്രെയ്ൻ ഈ ഡ്രോൺ മുന്നേറ്റത്തെ പ്രതിരോധിക്കാൻ റഷ്യ, ഡ്രോൺ ഉൽപ്പാദനം വൻതോതിൽ വർദ്ധിപ്പിക്കുകയാണ്. തതാർസ്ഥാനിലെ യെലാബുഗയിലുള്ള ഫാക്‌ടറിയിൽ പ്രതിമാസം ഏകദേശം 3,000 ജെറ്റ് ഡ്രോണുകളാണ് റഷ്യ നിർമ്മിക്കുന്നത്. മണിക്കൂറിൽ 350-500 കിലോമീറ്റർ വേഗതയുള്ള ടർബോജെറ്റ് എൻജിൻ ഘടിപ്പിച്ച ഗെരാൻ 4 ഡ്രോണുകൾ റഷ്യ നിർമ്മിക്കുന്നുണ്ട്. ഇവ തടയാൻ സാധാരണ ഇൻ്റർസെപ്റ്റർ ഡ്രോണുകൾക്ക് സാധിക്കില്ല. ഗെരാൻ-5 എന്ന അടുത്ത വേർഷനാണെങ്കിൽ ഒരു ചെറിയ ക്രൂയിസ് മിസൈലിന് സമാനമായ ഘടനയുള്ളതാണ്.
1,000 കിലോമീറ്റർ വരെ ദൂരത്തിലുള്ള ലക്ഷ്യസ്‌ഥാനങ്ങൾ ആക്രമിക്കാൻ ശേഷിയുള്ളവയാണ്. പൈലറ്റുമാരുടെയും സൈനികരുടെയും ജീവൻ അപകടത്തിലാക്കാതെ, കുറഞ്ഞ ചെലവിൽ വലിയ നാശനഷ്‌ടങ്ങൾ വരുത്താൻ ഡ്രോണുകളും കൃത്രിമബുദ്ധിയും സഹായിക്കുന്നതിലൂടെ ഡ്രോൺ അധിഷ്‌ഠിത യുദ്ധതന്ത്രങ്ങളുടെ ഒരു പുതിയ യുഗത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.