Loading time...
Local

വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച 17 വയസ്സുകാരൻ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിച്ചു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 24 Aug 2026, 7:46 am
Updated on: 24 Aug 2026, 7:46 am
Share:
Follow Us: YouTube
Feature Image

വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച 17 വയസ്സുകാരൻ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിച്ചു. മാതാപിതാക്കളും ബന്ധുക്കളും എടുത്ത ഈ മാതൃകാപരമായ തീരുമാനത്തിലൂടെ മൂന്ന് പേർക്കാണ് പുതുജീവൻ ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണയ്ക്ക് സമീപം മണ്ണാർമലയിൽ വാഹനാപകടമുണ്ടായത്. അപകടത്തിൽ 17 വയസ്സുകാരനായ ആദിലിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ആദിലിനെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 

തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ആദിലിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സന്നദ്ധത കുടുംബം അറിയിച്ചത്. മൂന്ന് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. പ്രിയപ്പെട്ട മകന്റെ വിയോഗത്തിന്റെ അഗാധമായ ദുഃഖത്തിനിടയിലും, മറ്റുള്ളവരിലൂടെ അവൻ ജീവിക്കട്ടെ എന്ന ചിന്തയോടെയാണ് മാതാപിതാക്കളും ബന്ധുക്കളും അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.

 

സർക്കാർ ഏജൻസികളുടെ മേൽനോട്ടത്തിലാണ് തുടർനടപടികൾ സ്വീകരിക്കുന്നത്. അടിയന്തരമായി അവയവങ്ങൾ മാറ്റിവെക്കേണ്ട രോഗികൾക്കായി ഗ്രീൻ കോറിഡോർ അടക്കമുള്ള സംവിധാനങ്ങളും ആശുപത്രി അധികൃതർ ഒരുക്കുന്നുണ്ട്. മകനെ നഷ്ടപ്പെട്ട  വേദനയ്ക്കിടയിലും, മൂന്ന് പേർക്ക് പുതുജീവൻ നൽകുന്ന തീരുമാനമാണ് ആദിലിന്റെ കുടുംബം എടുത്തത്.
ആദിലിന്റെ അവയവങ്ങളാണ് ഇനി മൂന്ന് പേരുടെ ജീവിതത്തിന് പ്രതീക്ഷയാകുന്നത്.