കോട്ടയം ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്കട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരാണ് മരിച്ചത്. മൂന്ന് പേരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപമായിരുന്നു ഇവരുടെ താമസം. ഇന്ന് രാവിലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. തുടർന്നാണ് വീടിനുള്ളിൽ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
സാജു ആന്റണിയെയും ഭാര്യയെയും കിടപ്പുമുറിയിലും മകൻ സബിനെ സ്റ്റോർ റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ അതിക്രമം നടന്നതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനയിൽ ലഭിച്ചിട്ടില്ല. അതേസമയം, കുടുംബം ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്താനുണ്ടായ സാഹചര്യം വ്യക്തമല്ല. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സബിന്റെ ഭാര്യ വിദേശത്താണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.