പാലക്കാട് തൃത്താല പരതൂർ സ്കൂളിലുണ്ടായ വെടിവെപ്പ് കേസിൽ അറസ്റ്റിലായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി. ഡിസംബർ അഞ്ച് വരെയാണ് കുട്ടിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കുക. സഹപാഠിക്ക് നേരെ ക്ലാസ് മുറിയിൽ വെടിയുതിർത്ത സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
കുട്ടിയുടെ കൈവശമുണ്ടായിരുന്ന തോക്ക് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തിലാണ് പോലീസ് ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത്. പിടിച്ചെടുത്തത് ലൈസൻസില്ലാത്ത 0.22 റിവോൾവറാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. തോക്ക് ഉത്തരേന്ത്യയിൽ നിർമ്മിച്ചതാണെന്നും അതിനുള്ളിലെ വെടിയുണ്ട പഞ്ചാബിൽ നിർമ്മിച്ചതാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തോക്ക് മുത്തച്ഛന്റേതാണെന്നും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്നതാണെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ കുട്ടിയുടെ മാതാവിനെതിരെ ആംസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. വീട്ടിൽ ലൈസൻസില്ലാത്ത തോക്ക് സൂക്ഷിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. അതേസമയം, സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയുണ്ടാകുമെന്നാണ് വിവരം.
വെടിയേറ്റ വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ഒരു ദിവസം കൂടി നിരീക്ഷണത്തിൽ തുടരും. ചികിത്സയ്ക്കിടെ ശരീരത്തിൽ നിന്ന് നീക്കം ചെയ്ത വെടിയുണ്ട തൃത്താല പോലീസ് ആശുപത്രിയിൽ നിന്ന് ശേഖരിച്ച് തുടർപരിശോധന നടത്തും.