Loading time...
Global

ഈജിപ്തിൽ ഇന്ധന ടാങ്കർ മറിഞ്ഞ് വൻ തീപിടിത്തം; 31 മരണം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 26 Nov 2026, 9:54 am
Updated on: 26 Nov 2026, 9:54 am
Share:
Follow Us: YouTube
Feature Image

ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയിൽ വാഹനങ്ങൾക്കിടയിലേക്ക് തീ പടർന്നതോടെ വൻ ദുരന്തം. ഇന്ധനവുമായി വന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ 31 പേർ മരിച്ചു. 15 പേർക്ക് പരുക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. കയ്റോയിലെ അൽ വറാഖ് മേഖലയിലാണ് അപകടമുണ്ടായത്.

 

കയ്റോയിലെ തിരക്കേറിയ റിങ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഇന്ധന ട്രക്ക് മറിഞ്ഞതോടെ തീ ആളിപ്പടരുകയായിരുന്നു. പിന്നാലെ വന്ന കാറുകളിലേക്കും മറ്റ് വാഹനങ്ങളിലേക്കും തീ പടർന്നു. നിമിഷങ്ങൾക്കുള്ളിൽ റോഡിൽ വലിയ തീഗോളവും കറുത്ത പുകയും ഉയർന്നു. തീയിൽ നിരവധി കാറുകളും ബൈക്കുകളും കത്തിനശിച്ചു.

 

അപകടം നടന്ന സ്ഥലത്തേക്ക് 39 ആംബുലൻസുകളാണ് രക്ഷാപ്രവർത്തനത്തിനായി എത്തിച്ചത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീ പൂർണമായും നിയന്ത്രണവിധേയമാക്കിയെങ്കിലും അപകടത്തിന്റെ ആഘാതം റോഡിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.

 

മരിച്ചവരിൽ ചിലരുടെ ശരീരം തിരിച്ചറിയാൻ കഴിയാത്തവിധം കത്തിയതിനാൽ ഡിഎൻഎ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ ഈജിപ്ത് പബ്ലിക് പ്രോസിക്യൂട്ടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി അനുശോചനം അറിയിച്ചു.